തിരൂര്‍: വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ ചാവക്കാട് വട്ടേക്കാട് തിരുത്തിയില്‍ ജംഷീര്‍ (21) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി അനു ജംഷീര്‍ രാജിനെ (21) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരണപ്പെട്ട ജംഷീറിന്റെയും കോട്ടയം സ്വദേശി ഷിബിലയുടെയും വിവാഹം കഴിഞ്ഞത്. തിരൂര്‍-ചമ്രവട്ടം പാതയില്‍ പോലീസ്‌പൈനിലെ അപകടവളവില്‍ ഡിവൈ.എസ്.പി. ഓഫീസിനു മുന്‍പിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അപകടമറിഞ്ഞയുടനെ നൈറ്റ് പട്രോള്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജംഷീര്‍ മരിച്ചു.
ജംഷീറിന്റെ പിതാവ് ജലാലുവും മാതാവ് മിശ്രിയയും വിദേശത്താണ്. ഹൈദരാബാദില്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ ജംഷീനയാണ് ജംഷീറിന്റെ സഹോദരി.




