പരപ്പനങ്ങാടി: അഭിഭാഷക ഗുമസ്തരുടെ ജോലി റേഷന്‍ കാര്‍ഡിലെ തൊഴില്‍ ചേര്‍ക്കുന്ന കോളത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളാ അഡ്വക്കറ്റ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ കാര്‍ഡുടമയുടെയും, കാര്‍ഡിലെ മറ്റംഗങ്ങളുടെയും തൊഴില്‍ രേഖപ്പെടുത്തുന്ന കോളത്തില്‍ തൊഴിലിന്റെ ഇനം ചേര്‍ക്കുന്നതിന്നായി അധികൃതര്‍ തയ്യാറാക്കിയ പട്ടികയില്‍ അഭിഭാഷക ഗുമസ്തരെ ഉള്‍പ്പെടുത്തിയിട്ടില്ല. നിരവധി തൊഴില്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബൃഹത്തായ പട്ടികയില്‍ ഇല്ലാത്തതു കാരണം കാലങ്ങളായി നിലനിന്നു വരുന്നതും നിലവില്‍ പതിനായിരത്തിലധികം ആളുകള്‍ തൊഴില്‍ ചെയ്തു വരുന്നതുമായ അഭിഭാഷക ഗുമസ്ത വൃത്തി ഉള്‍പ്പെടുത്താത്തതു കാരണം പട്ടികയില്‍ ഉള്ള സ്വയം തൊഴില്‍ എന്നോ കൂലി എന്നോ രേഖപ്പെടുത്തേണ്ട അവസ്ഥയാണുള്ളത്. ഇതുകാരണം അഭിഭാഷക ഗുമസ്തര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ പോകുന്ന അവസ്ഥയുണ്ട്.
തിരൂരില്‍ വെച്ചു നടന്ന പ്രതിനിധിസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.കെ.രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ജെ. കുമാരന്‍ പാലക്കാട്, കെ.അബൂബക്കര്‍ എന്ന മാനു, കെ.പി.ശിവകുമാര്‍, ദിനേശന്‍ പൊന്നാനി, രവീന്ദ്രന്‍ തിരൂര്‍, രമേഷ് ബാബു മലപ്പുറം, ജിത്തു.എം. തിരൂര്‍, രാജു പൊന്നാനി, സതീഷ് മഞ്ചേരി, യൂസുഫ് നിലമ്പൂര്‍, കെ.കെ.ദാസന്‍ പരപ്പനങ്ങാടി, ശശിധരന്‍ പെരിന്തല്‍മണ്ണ, മോഹനന്‍ നിലമ്പൂര്‍, ഇബ്രാഹിം തലാഞ്ചേരി സംസാരിച്ചു




