‘കോളനി’ എന്ന പദം ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി ; രാജിക്ക് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളെ ‘കോളനി’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്ന പേരുകളിലോ , ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളിലോ അറിയപ്പെടുമെന്ന് പട്ടികജാതി വികസന വകുപ്പ് ഉത്തരവ് ഇറക്കി.

പട്ടിക വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളെ ‘കോളനി,’ ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകള്‍ക്ക് പകരമായി ”നഗര്‍”, ‘ഉന്നതി’, ‘പ്രകൃതി’ മുതലായ പേരുകളോ, ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണ് എന്ന് ഇതിനാല്‍ ഉത്തരവാകുന്നു. ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ വ്യക്തികളുടെ പേരുകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേര് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ആയത് തുടരാവുന്നതുമാണ്.

രാജിവയ്ക്കുന്നത് പൂര്‍ണ തൃപ്തനായാണ്. പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രി, എംഎല്‍എ പദവികള്‍ ഇന്ന് രാജിവെക്കും.

‘കോളനി എന്ന പേര് എടുത്തുകളയണം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരില്‍ വേണ്ടെന്നാണ് കരുതുന്നത്’, എന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top