ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നെടുമങ്ങാട് സ്വദേശി ബിനോയി (21) ആണ് കസ്റ്റഡിയിലായത്.

ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യഥാര്‍ത്ഥ കാരണം പുറത്തുവരണം. അമ്മ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. മുന്‍ ആണ്‍സുഹൃത്താണ് ഉത്തരവാദി എന്ന് സംശയിക്കുന്നു. രണ്ടുമാസമായി ഈ സുഹൃത്ത് വീട്ടില്‍ വരുന്നില്ല. മുമ്പ് സ്ഥിരമായി വരുമായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയുടെ ആത്മഹത്യയില്‍ മുന്‍ ആണ്‍സുഹൃത്തിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് മൊഴി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സൈബര്‍ ടീം രൂപീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പുനഃപരിശോധിക്കുകയാണ്. കുട്ടിക്ക് 18 വയസ് തികയും മുമ്പേ ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാര്‍ജിച്ച പെണ്‍കുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു നേരിട്ടിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top