ന്യൂഡല്‍ഹി: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം തുടരുകയാണ്. കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം ബെയ്ജിങും കടന്ന് രാജ്യത്തെ മറ്റു അഞ്ചു പ്രവിശ്യകളിലേക്കും എത്തിയിരിക്കുകയാണ്. 2019 ഡിസംബറില്‍ വുഹാനില്‍ ഉണ്ടായ വ്യാപനത്തിനു ശേഷം രാജ്യത്തെ ഏറ്റവും രൂക്ഷമായ വ്യാപനമാണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്നാണ് ചൈനയിലെ വിവിധ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതുവരെ ഏകദേശം 200 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതെല്ലാം ജൂലൈ 20ന് നാന്‍ജിങ് എയര്‍പോര്‍ട്ടില്‍ സ്ഥിരീകരിച്ച കേസുകളുമായി ബന്ധപ്പെട്ടതാണ്. എയര്‍പോര്‍ട്ടില്‍ രോഗം കണ്ടെത്തിയതിനു പിന്നാലെ അവിടെ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ആഗസ്റ്റ് 11 വരെ നിര്‍ത്തിവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വ്യാപനത്തിന്റെ ഉറവിടമായ നഗരത്തില്‍ ഇപ്പോള്‍ കൂട്ട പരിശോധനകള്‍ നടക്കുകയാണ്. പുതിയ നിയന്ത്രണങ്ങളും നിലവിലുണ്ട്.
നഗരത്തില്‍ ഭാഗികമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, താമസക്കാരുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനായി ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചില പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. വ്യാപനം തടയുന്നതിന് തയ്യാറെടുപ്പുകള്‍ സ്വീകരിക്കാതിരുന്നതിന് അധികൃതര്‍ ഇപ്പോള്‍ വ്യാപകമായ വിമര്‍ശനമാണ് നേരിടുന്നത്.




