
ഷിരൂര്‍: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ ഈശ്വര്‍ മല്‍പെ നടത്തിയ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കര്‍ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. റഡാര്‍ പരിശോധനയില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ 4 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാവും പരിശോധന.
പുഴയുടെ ഒഴുക്കിന്റെ വേഗം 2 നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്ന് എസ്പി പറഞ്ഞു. ഇന്ന് ജില്ലയില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലര്‍ട്ടുകളും ഇല്ല. നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങള്‍ ഇന്ന് തെരച്ചിലില്‍ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു. നാവിക സേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് പൊലീസ് എന്നീ സേനകള്‍ പുഴയിലെ തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും. കരസേനയുടെ ഹെലികോപ്റ്റര്‍ റൂട്ടീന്‍ തെരച്ചിലിന്റെ ഭാഗമായി സര്‍വയലന്‍സ് സഹായത്തിനും ഉണ്ടാകുമെന്ന് എസ്പി വ്യക്തമാക്കി.ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ തെരച്ചില്‍ എളുപ്പമാകുമെന്നാണ് ഈശ്വര്‍ മല്‍പെയുടെ വിലയിരുത്തല്‍.
തെരച്ചിലിനായി നാവിക സേനയും ഇറങ്ങുമെന്ന് കാര്‍വര്‍ എസ്പി. കഴിഞ്ഞ ദിവസ കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചില്‍ നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല. നാവികസേനയുടെ ഒരു ഡൈവിങ് സംഘവും ഈശ്വര്‍ മാല്‍പേയുടെ ഒരു സംഘവും തെരച്ചിലിന് ഇറങ്ങും.
ഇന്നലെ ലോറിയുടെ ഒരു ഭാഗം കണ്ടെത്താനായത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കൂടുതല്‍ പേര്‍ എത്തി തെരച്ചില്‍ നടത്തുന്നത് കൊണ്ട് പ്രതീക്ഷ ഉണ്ടെന്നും അര്‍ജുന്റെ കുടുംബം അറിയിച്ചു. ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം കഴിഞ്ഞ ദിവസം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




