പരപ്പനങ്ങാടി നവജീവന്‍ വായനശാല നവജീവന്‍ ജനപ്രിയ പുരസ്‌കാരം കെ വി അജയലാലിന് സമ്മാനിച്ചു

പരപ്പനങ്ങാടി : യു. കലാനാഥൻ മാഷുടെ സ്മരണയിൽ പരപ്പനങ്ങാടി നവജീവൻ വായനശാല ഏർപ്പെടുത്തിയ നവജീവൻ ജനപ്രിയ പുരസ്കാരം സമ്മാനിച്ചു. പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് ആണ്‌ അവാർഡ് സമ്മാനിച്ചത്. എല്ലാ അധികാരങ്ങളും കേന്ദ്രീകൃതമാക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് ദാർശനിക തലത്തിലും പ്രവർത്തിയിലും വികേന്ദ്രീകരണം എന്ന ആശയം സ്വാംശീകരിക്കുകയും സ്വന്തം പഞ്ചായത്തിൽ നടപ്പാക്കുകയും ചെയ്ത ആളായിരുന്നു കലാനാഥൻ മാഷെന്ന് പ്രൊഫസർ പറഞ്ഞു.  അദ്ദെഹത്തെ പോലൊരു മഹദ്‌വ്യക്തിയുടെ സ്മരണ വാക്കുകളിലോ ചിന്തകളിലോ മാത്രമല്ല ഉണ്ടാകേണ്ടത് എന്നും പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ജനപ്രതിനിധികൾ മുന്നോട്ട് വരേണ്ടതുണ്ടെന്നും മാഷ് ഊന്നിപ്പറഞ്ഞു. വള്ളിക്കുന്ന് പഞ്ചായത്തിലെ കെ. വി. അജയലാല്‍ പുരസ്കാരം ഏറ്റുവാങ്ങി. ജൂറിയുടെ പ്രത്യേക പുരസ്കാരം മഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലർ അഹമ്മദ് ഹുസ്സൈൻ മേച്ചേരിയ്ക്ക് കലാനാഥൻ മാഷുടെ പത്നി ശോഭ ടീച്ചർ സമ്മാനിച്ചു.

ടി. അജിത്കുമാർ കലാനാഥൻ മാഷെ അനുസ്മരിച്ച് സംസാരിച്ചു. ജൂറി അംഗം സായി കിഷോർ പുരസ്കാര നിർണയത്തിൽ ഉപയോഗിച്ച മാനദണ്ഡങ്ങളെ കുറിച്ചും നിർണയരീതികളെ കുറിച്ചും സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷനേതാവ് ടി. കാർത്തികേയൻ, വാർഡ് കൗൺസിലർ ജൈനിഷ മണ്ണാറയ്ക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വായനാശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്‌ സെക്രട്ടരി മനീഷ് കെ. പി. സ്വാഗതവും വനിതാ വേദി സെക്രട്ടറി കെ. ശീതള നന്ദിയും അർപ്പിച്ചു.

എം. ടി യുടെ പള്ളിവാളും കാൽചിലമ്പും എന്ന ചെറുകഥയെ അടിസ്ഥാനമാക്കി നിഷ പന്താവൂർ രചിച്ച് സാക്ഷാത്കരിച്ച ‘പെൺതെളിച്ചം’ എന്ന ഏകപാത്ര നാടകം അരങ്ങേറി.

Share news
error: Content is protected !!
Scroll to Top