Section

malabari-logo-mobile

ഏകാന്തവേദനകള്‍ക്ക് കൂട്ടിരിക്കാന്‍ താങ്കളുടെ ഗാനപ്രവാഹത്തില്‍ നിന്ന് ഒരു കുമ്പിള്‍ ഞങ്ങള്‍ കോരിവയ്ക്കുന്നു…. യാത്രയാകുക..

HIGHLIGHTS : ഷിജു ദിവ്യ എന്തു പറഞ്ഞാലും കവിതയാവുന്ന , ഓരോ പദങ്ങളിലും വൈകാരികതയുടെ നനവു കിനിയുന്ന ഭാഷയാണ് തമിഴ് . ഒരമ്മയുടെ മകളായിട്ടും മലയാളത്തിന് അതു സൂക്ഷിക്ക...

ഷിജു ദിവ്യ

എന്തു പറഞ്ഞാലും കവിതയാവുന്ന , ഓരോ പദങ്ങളിലും വൈകാരികതയുടെ നനവു കിനിയുന്ന ഭാഷയാണ് തമിഴ് . ഒരമ്മയുടെ മകളായിട്ടും മലയാളത്തിന് അതു സൂക്ഷിക്കാനായില്ല . സംസ്കൃതത്തിന്റെ ഔപചാരികതയും ആധികാരികതയും നമ്മുടെ ഭാഷയുടെ ഏതൊക്കെയോ സൗന്ദര്യ ഡ്രോതസ്സുകളുടെ ഉറവയടച്ചു കളഞ്ഞിട്ടുണ്ട് .  ആന്തരികമായി കവിതയും സംഗീതവും തമിഴു പോലെ സൂക്ഷിക്കുന്ന ഭാഷയാണ്  ഉറുദുവെന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട് .. അവധൂതനായ ഒരു സൂഫിയുടെ കാലിൽ അയാൾ പിന്നിട്ട പല നാടുകളിലെ പൊടി പുരണ്ട പോലെ അറബും പാഴ്സിയും ഹിന്ദുസ്ഥാനവും അതിന് അനേക പ്രാദേശിക വൈവിദ്ധ്യങ്ങളും ആ ഭാഷയുടെ ചരിത്ര വഴികളിൽ ചേർന്നു നിന്ന് അടയാളങ്ങൾ തീർത്തിട്ടുണ്ട് . ആ ഭാഷ അറിയില്ലെങ്കിലും ഗസലുകൾ , കവിതകൾ , ഖവാലികൾ തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിലെ ആവിഷ്കാര വൈവിധ്യങ്ങൾ അതിന് സാക്ഷ്യം പറയും .

മലയാളത്തിൽ ഗസലുകൾ ( മലയാളിക്കല്ല ) അത്ര പരിചിതമല്ലാത്തവയാണ് . ബാബുരാജിന്റെയും മെഹബൂബിന്റെയുമെല്ലാം ഗാനങ്ങളിലൂടെയാണ് കണക്കുകളേക്കാൾ ഭാവഭരിതമായ മനോധർമ്മ പ്രയോഗങ്ങൾക്ക് പ്രാധാന്യമുള്ള ഹിന്ദുസ്ഥാനി സംഗീതശൈലി മലയാളി പരിചയിക്കുന്നത് . സിനിമാ സംഗീതത്തിന്റെ ജനപ്രിയ ശീലങ്ങൾക്കനുസരിച്ച് മനോധർമ്മത്തിന്റെ എത്ര ചിറകുകളാണ് തന്റെ പാട്ടുകളിൽ നിന്നും ബാബുക്ക അരിഞ്ഞു വീഴ്ത്തിയത്? അതറിയണമെങ്കിൽ അദ്ദേഹം തന്നെ അവ  പാടിയതു  കേൾക്കണം .

ഗസൽ കേട്ട മലയാളിക്ക് മലയാളത്തിൽ ഗസലനുഭവങ്ങൾ തന്ന പേരുകളിലൊന്നാണ് ഇബ്രാഹിം എന്ന ഉമ്പായി . അമ്മ അറിയാൻ എന്ന സിനിമയിൽ പാടുമ്പോൾ ജോൺ ആണത്രേ ഇബ്രാഹിമിനെ ഉമ്പായി എന്ന് വിളിച്ചത് . ഓ.എൻ. വി , സച്ചിദാനന്ദൻ , യൂസഫലി കേച്ചേരി തുടങ്ങിയവരുടെ കവിതകളും മലയാളി  തലമുറകളായി താലോലിക്കുന്ന സ്മൃതിഗീതങ്ങളും ഇതുവരെ കേൾക്കാത്തൊരു ഭാവത്തിലും ഭാവുകത്വത്തിലും നാം  കേട്ടു .

സമാഗമ സന്തോഷങ്ങളിൽ നിലാവായും വിരഹ വിഷാദങ്ങളിൽ മഴയായും ആ ഗാനങ്ങൾ നാം കേട്ടു . അഴിച്ചിട്ട വാർമുടിച്ചുരുളിൽ കാമുകനെ ഒളിപ്പിച്ച പെണ്ണ് ഒരു വടക്കൻ പാട്ടുനായികയാണ് ( മതിലേരിക്കന്നിയോ കുഞ്ഞിത്താലുവോ ?) വല്ലിക്കുടിലിൽ ഒരുമിച്ചിരിക്കുമ്പോൾ ആ വഴി വന്നവരിൽ നിന്ന് ഉമ്പായിയുടെ നായിക കാമുകനെ മുടിയിലൊളിപ്പിച്ചു. ഒട്ടുമത്ഭുതമില്ലാതെ നാമത് ആസ്വദിച്ചു.

ഭഗ്നപ്രണയത്തിലും നീൾമിഴി നിറയാതെ കാത്തു സൂക്ഷിക്കാൻ കാമുകിയെ ഓർമ്മിപ്പിക്കുന്ന കാമുകന്റെ സ്വരത്തിൽ എന്തൊരു പ്രസദാത്മകതയാണ് ഉമ്പായി സൂക്ഷിച്ചത് .  സൈഗാളിന്റെ പാട്ടുജീവിതത്തിനുള്ള ആദരമായി ‘പാടുക സൈഗാൾ ‘
വടകര കുഞ്ഞിമൂസാക്കയെപ്പോലെ , ബാബുരാജിനെപ്പോലെ തെരുവുകളിലും നഗരങ്ങളിലുമൊക്കെ വലിയൊരു ഭാഗം പിന്നിട്ട ജീവിതമായിരുന്നു ഉമ്പായിയുടേതും . ഔപചാരിക പാoശാലകളല്ല , ജീവിതമായിരുന്നു ഉമ്പായിയുടെ പാoശാല . പരുക്കൻ അനുഭവങ്ങളായിരുന്നു പാഠങ്ങൾ .

ഉമ്പായി ഒരു ശബ്ദമോ ചിത്രമോ അല്ല , സംഗീതാസ്വാദകരുടെ നടുവിൽ അവരുടെ ആരവങ്ങളിൽ , അരേ വാ വിളികളിൽ , കൈത്താളങ്ങളിൽ നിന്നും കൂടുതൽ കൂടുതൽ ജീവത്തായി വരുന്ന ഒരു സംഗീത സദിരിന്റെ പേരാണത് . വലയം ചെയ്ത് ലയിച്ചിരിക്കുന്ന ആൾക്കൂട്ടമില്ലാതെ പൂർണ്ണമാവാത്ത ഒന്ന് .

നാളെ ഖബറിലെ മണ്ണിന്നോട് ശരീരം ചേരുമ്പോഴും ശാരീരത്തിന്റെ സാന്നിദ്ധ്യമായി താങ്കളുണ്ടാവും . ഇനിയും കുഞ്ഞുങ്ങൾ വളരും . അവർക്കും പ്രണയങ്ങളുണ്ടാവും . അവയും പരാജയപ്പെടും . ആൾക്കൂട്ടങ്ങൾക്കു നടുവിലെ ഏകാന്തത അവരുമനുഭവിക്കും . അവരെ ഉന്മാദത്തിലും ആത്മാഹുതികളിൽ നിന്നും തിരിച്ചു വിളിക്കാൻ , അവരുടെ ഏകാന്ത വേദനകൾക്ക് കൂട്ടിരിക്കാൻ താങ്കളുടെ ഗാനപ്രവാഹത്തിൽ നിന്ന് ഒരു കുമ്പിൾ ഞങ്ങൾ കോരിവയ്ക്കുന്നു . അതിന് സഹായിച്ച സാങ്കേതികവിദ്യയിലെ വികാസങ്ങൾക്കും നന്ദി ..
യാത്രയാവുക

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!