തിരുവനന്തപുരം:അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും അഗ്‌നിബാധയുണ്ടാകുന്നത് തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ ഭാഗമായുള്ള ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഫെബ്രുവരി 29 നകം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. മാലിന്യ സംഭരണ കേന്ദ്രങ്ങളിലും (MCF, RRF), ലെഗസി ഡംപ് സൈറ്റുകളിലും തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിന് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെയും സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ക്കായിരിക്കും.
മാലിന്യ സംഭരണ കേന്ദ്രങ്ങളും (MCF, RRF), ലെഗസി ഡംപ് സൈറ്റുകളും സന്ദര്‍ശിച്ച് അഗ്‌നി സുരക്ഷാ വിലയിരുത്തല്‍ നടത്തുന്നതിനായി ഒരു ഫയര്‍ ഓഡിറ്റ് ടീമിനെ അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി രൂപീകരിക്കണം. കൗണ്‍സിലര്‍/വാര്‍ഡ് മെമ്പര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, തദ്ദേശസ്വയംഭരണ സ്ഥാപന എന്‍ജിനിയറിംങ് വിഭാഗം പ്രതിനിധി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് പ്രതിനിധി, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി എന്നിവരുള്‍പ്പെടുന്ന സംഘം മാര്‍ച്ച് 5 നകം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സുരക്ഷാ സജ്ജീകരണങ്ങളുടെ നിലവിലെ സാഹചര്യവും കുറവുകളും വിലയിരുത്തുകയും വേണം. പോരായ്മകള്‍ മാര്‍ച്ച് 15 നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിഹരിച്ച് ചെക്ക് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്ത് സമര്‍പ്പിക്കണം. നിര്‍ദ്ദേശപ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ മാര്‍ച്ച് 20 നകം നടത്തണം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം മാര്‍ച്ച് 20നു ശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രന്‍സിപ്പല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ സംബന്ധിച്ച അവലോകനയോഗം ചേരണം. ഇതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




