സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുത; സുപ്രീംകോടതി വിധി നാളെ

ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി നാളെ വിധി പറയും. സ്വവര്‍ഗവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമാക്കണമോ എന്നതിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാകും വിധി പറയുക. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലുള്ള മറ്റ് അംഗങ്ങള്‍. നാളെ രാവിലെ പത്തരയോടെ ഹര്‍ജികള്‍ കോടതി പരിഗണിക്കുമെന്നാണ് വിവരം. 20 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയില്‍ സ്വവര്‍ഗ വിവാഹം വരുമോ എന്നതാണ് പ്രധാന ചോദ്യം. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നിലപാടെടുക്കുമ്പോഴും അത്തരത്തിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാവില്ലെവന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാജ്യത്തെ സാമൂഹിക വ്യവസ്ഥകളെ അത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുമെന്നും നിയമപരമായ സങ്കീര്‍ണതകളുണ്ടാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടത്. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്തി സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കാന്‍ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികള്‍ക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റി നിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നല്‍കുന്ന വിഷയം പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ പാര്‍ലമെന്റ് ഇതില്‍ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങള്‍ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വിവാഹത്തിന് സാധുത നല്‍കിയാല്‍ കുട്ടികളെ ദത്തെടുക്കുന്നത് പോലുള്ള വിഷയങ്ങളിലും കോടതി മാര്‍ഗ്ഗരേഖ നല്കണമെന്ന ആവശ്യവും ഉയര്‍ന്നു. കേന്ദ്രം അഭിപ്രായം ചോദിച്ചെങ്കിലും കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചില്ല. ജമാഅത്ത് ഉലമ, അഖിലേന്ത്യാ സന്ന്യാസി സമിതി തുടങ്ങിയ മത സംഘടനകള്‍ സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത് കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top