Section

malabari-logo-mobile

ആരോഗ്യ, ഗവേഷണരംഗത്ത് ലോകപ്രശസ്ത നിലയിലേക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉയരും ;മുഖ്യമന്ത്രി

HIGHLIGHTS : The Institute of Virology will rise to world-renowned status in the field of health and research

ആരോഗ്യ, ഗവേഷണരംഗത്ത് മുതൽക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപ്പയെ പിടിച്ചുകെട്ടാനും കോവിഡിനെ പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത് കേരളത്തിൽ ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ്. ആർദ്രം മിഷനിലൂടെ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അതുകൊണ്ടുമാത്രം നാമിന്ന് അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെയും പുതുതായി കാണപ്പെടുന്ന പകർച്ചവ്യാധികളെയും ഫലപ്രദമായി തടയാനാകില്ല. അതിന് ഇപ്പോൾ പ്രവർത്തനക്ഷമമാകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങൾ അനിവാര്യമാണ്. ഇത്തരം രോഗങ്ങളെ പ്രവചിക്കാനും പ്രതിരോധിക്കാനുമാണ് സ്ഥാപനം നാം ആരംഭിച്ചത്. വിവിധങ്ങളായ വൈറസുകൾ, വൈറൽ അണുബാധകൾ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം നടക്കുന്നതിനും അതിന്റെ ക്ലിനിക്കൽവശങ്ങൾ അവലോകനം ചെയ്യുന്നതിനുമാണീ സ്ഥാപനം.
2017ൽ ലോകപ്രശസ്ത ശാസ്ത്രജ്ഞരും മലയാളികളുമായ പ്രൊഫ: എം.വി പിള്ള, ഡോ: ശാർങ്ധരൻ എന്നിവരാണ് പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് ഒരു സ്ഥാപനം കേരളത്തിലില്ല എന്ന ന്യൂനത  ചൂണ്ടിക്കാണിച്ചത്. അവരുടെ അഭിപ്രായം പരിഗണിച്ചാണ് കേരളത്തിലൊരു വൈറോളജി ഗവേഷണ കേന്ദ്രം വേണമെന്ന് തീരുമാനിച്ചത്. ആ തീരുമാനം ശരിയായിരുന്നുവെന്നാണ് പിന്നീടുള്ള നമ്മുടെ അനുഭവം തെളിയിക്കുന്നത്. 2018ൽ നിപ വൈറസ് ബാധയുണ്ടായുണ്ടായപ്പോൾ ആരോഗ്യരംഗത്തെ വിദഗ്ധമായ ഇടപെടലുകളിലൂടെയാണ് അതിന്റെ വ്യാപനം നമുക്ക് തടയാനായത്.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ചുമതല നൽകിയത്. ഡോ: എം.വി. പിള്ളയും ഡോ: ശാർങധരനും നമ്മെ ലോക വൈറോളജി നെറ്റ്‌വർക്കിലേക്ക്  ബന്ധിപ്പിച്ചു. ഡോ: റോബർട്ട് ഗാലോ, ഡോ: വില്യം ഹാൾ എന്നീ പ്രശസ്ത വൈറോളജി വിദഗ്ധരുമായി സഹകരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിദഗ്ധരും സഹകരിച്ചു.
ഡോ: വില്യം ഹാളിനെ മുഖ്യ ഉപദേശകനായി നിയമിക്കുകയും അദ്ദേഹം ഇവിടം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരമായിരുന്നു തുടർപ്രവർത്തനങ്ങൾ.
2019 ഫെബ്രുവരിയിൽ ആദ്യഘട്ട കെട്ടിടോദ്ഘാടനം നടന്നു. രോഗനിർണയ സൗകര്യവും അതിനുതകുന്ന ഗവേഷണ സൗകര്യവും ഉൾപ്പെടുന്ന രണ്ടുവിഭാഗങ്ങളാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ അടിസ്ഥാനവികസനങ്ങളും യാഥാർഥ്യമാക്കുകയും പശ്ചാത്തല സൗകര്യം ഒരുക്കുകയും ചെയ്തു. ഈ മേഖലയിൽ നമ്മുടെ രാജ്യത്തുള്ള പ്രമുഖ സ്ഥാപനങ്ങളായ ഐ.സി.എം.ആർ, ആർ.ജി.സി.ബി, എൻ.ഐ.എസ്.ടി, ഐ.ഐ.എസ്.ഇ.ആർ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. പ്രശസ്ത വൈറോളജി വിദഗ്ധനായ ഡോ: അഖിൽ ബാനർജി സ്ഥാപനത്തിന്റെ മേധാവിയായി ചുമതലയേറ്റിട്ടുണ്ട്. വളരെയധികം ആളുകളുടെ അശ്രാന്ത പരിശ്രമമാണ് സ്ഥാപനത്തിന് പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഡബ്ളിൻ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ പ്രൊഫസറും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യ ഉപദേശകനുമായ ഡോ: വില്യം ഹാൾ, യു.എസ്.എയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. എം.വി പിള്ള, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ: എസ്. പ്രദീപ്കുമാർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ: കെ.പി. സുധീർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ. അഖിൽ സി. ബാനർജി, മറ്റു ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കോവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ.റ്റി.പി.സി.ആർ, മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം, ബയോസേഫ്റ്റി ലെവൽ ക്യാബിനറ്റ്‌സ്, കാർബൺ ഡയോക്‌സൈഡ് ഇൻകുബേറ്റർ, സെൻട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടർബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റർ തുടങ്ങി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി. മറ്റു പ്രധാന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനം പുരോഗമിക്കുന്നതോടെ ദേശീയ അന്തർദ്ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവർത്തനങ്ങളും ഏറ്റെടുക്കും. നിലവിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് പൂർണ പ്രവർത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ തീരുമാനം.
വിവിധ വൈറോളജി ഗവേഷണ വിഷയങ്ങൾ ആസ്പദമാക്കി എട്ട് സയന്റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിർണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കൽ വൈറോളജിയും വൈറൽ ഡയഗനോസ്റ്റിക്‌സുമാണ്  ആദ്യഘട്ടത്തിൽ തുടങ്ങുന്ന രണ്ടു വിഭാഗങ്ങൾ. ഇതോടൊപ്പം ബി.എസ്.എൽ 3 ലബോറട്ടറി സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്. മറ്റു വിഭാഗങ്ങൾ 1 ബി ഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് ക്രമീകരിക്കും. 25000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങൾ പ്രവർത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇൻസ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!