ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ലേബര്‍ കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. സ്ഥലം മാറ്റത്തില്‍ നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ചുമതല നല്‍കുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ജഡ്ജിനുണ്ടെന്നും മുന്‍വിധികള്‍ വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതി ജഡ്ജിയുടെതെന്ന് പറഞ്ഞ കോടതി, സ്ഥലം മാറ്റ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ തന്നെ കൊല്ലം ലേബര്‍ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ വാദം. മൂന്ന് വര്‍ഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കാന്‍ അര്‍ഹതയുണ്ടെന്നും എസ് കൃഷ്ണകുമാര്‍ വാദിച്ചിരുന്നു. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിയത്.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാര്‍മര്‍ശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് പരാമര്‍ശം.

Share news
error: Content is protected !!
Scroll to Top