സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് അഞ്ചു വയസ്

ഹരിത കേരളം മിഷന്‍ സംസ്ഥാനത്തു നടപ്പാക്കിവരുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിനു അഞ്ചു വയസ്. 2019 ജൂണ്‍ 5 ലെ ലോക പരിസ്ഥി ദിനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മണലകം വാര്‍ഡില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലെ അഞ്ചു സെന്റ്റില്‍ നീര്‍മാതളതൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണു പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആ നീര്‍മാതളം ഉള്‍പ്പെടെ എല്ലാ ചെടികളും പച്ചത്തുരുത്തില്‍ വളര്‍ന്നു പൂത്തു പന്തലിച്ചു ചെറുകാടു പോലെയായി. മുള ചെടിയിലും മറ്റു മരങ്ങളിലെ സുരക്ഷിത ചില്ലകളിലും കിളികള്‍ കൂടു വച്ചു. ശലഭങ്ങളും തുമ്പികളും ചെറുകിളികളും ഉണ്ടെന്നു മാത്രമല്ല പുലര്‍കാലത്തു കിളികളുടെ വിവിധ ശബ്ദങ്ങളും ഒക്കെയായി ഒരു ജൈവ വൈവിധ്യ ആവാസ വ്യവസ്ഥ തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുന്നു.

ഔഷധ സസ്യങ്ങളാണ് ഈ പച്ചത്തുരുത്തില്‍ ഏറെയും. ആടലോടകം, മൈലാഞ്ചി, വെള്ള പൈന്‍, രക്ത ചന്ദനം, മരോട്ടി, അശോകം, വേപ്പ്, അങ്കോലം, അണലിവേഗം, നീര്‍മരുത്, ചിറ്റരത്ത, കര്‍പ്പൂരം, കാഞ്ഞിരം, നാഗദന്തി, യശങ്, നാഗലിംഗമരം തുടങ്ങി അപൂര്‍വ ഔഷധ സസ്യങ്ങള്‍ ആണ് വളര്‍ന്നു വലുതായി നില്‍ക്കുന്നത്. ഇത് കൂടാതെ പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കുന്ന മറ്റു സസ്യങ്ങളും വളരുന്നുണ്ട്. പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ ഹരിത കേരളം മിഷന്റെ സഫലമായ പദ്ധതിയാണ് പച്ചത്തുരുത്ത്. ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതു ഇടങ്ങള്‍, തരിശുഭൂമി തുടങ്ങിയവ കണ്ടെത്തി അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തി പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.

2050 ല്‍ സംസ്ഥാനം കാര്‍ബണ്‍ ന്യൂട്രല്‍ എമിഷന്‍ അവസ്ഥ കൈവരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ് പച്ചത്തുരുത്തുകള്‍. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ വിവിധ ഇടങ്ങളിലായി 850 ഏക്കര്‍ വിസ്തൃതിയില്‍ 2950 പച്ചത്തുരുത്തുകള്‍ ഹരിതകേരളം മിഷന്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി 1000 പച്ചത്തുരുത്തുകള്‍ക്കു കൂടി തുടക്കം കുറിക്കുമെന്ന് നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സനുമായ ഡോ. ടി എന്‍ സീമ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top