ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയില്‍ പൊലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. ചിത്രത്തില്‍ ബഷീര്‍ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന സുരാജിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മനു അശോകന്‍ സംവിധാനം ചെയ്ത കാണെക്കാണെ എന്ന ചിത്രത്തിലൂടെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ടോവിനോ – സുരാജ് കോമ്പോക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച എമ്പുരാന്‍ റിലീസ് ചെയ്യാനിരിക്കെയാണ് നരിവേട്ട പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടുകാലം തിയേറ്ററുകളിലും ടെലിവിഷനിലും മിമിക്രി സ്റ്റേജുകളിലുമായി പ്രേക്ഷകരെ നിര്‍ത്താതെ ചിരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയില്‍ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ചു കൊണ്ടാണ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടുന്നത്. 2002ല്‍ പുറത്തിറങ്ങിയ ജഗപൊഗയാണ് ആദ്യ സിനിമയെങ്കിലും രസതന്ത്രം, തുറുപ്പുഗുലാന്‍, ക്ലാസ്സ്‌മേറ്റ്‌സ്, മായാവി തുടങ്ങിയ നിരവധി സിനിമകളില്‍ ഹാസ്യവേഷം ചെയ്യുകയും തസ്‌കരലഹള എന്ന ചിത്രത്തിലൂടെ ആദ്യമായി നായക വേഷത്തിലെത്തുകയുമുണ്ടായി. തുടര്‍ന്ന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് 2009ലും 2010ലും തുടര്‍ച്ചയായി നേടി. ഹാസ്യ വേഷത്തില്‍ നിന്ന് പതിയെ ഗൗരവ വേഷങ്ങളിലേക്കു മാറി തുടങ്ങിയതോടെ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരില്‍ ഒരാളായി മാറുകയും, ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത് 2013-ല്‍ പുറത്തിറങ്ങിയ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തു. തുടര്‍ന്ന് തൊണ്ടി മുതലും ദൃക്സാക്ഷിയും, ഫൈനല്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, ദി ഗ്രേറ്റിന്ത്യന്‍ കിച്ചണ്‍ എന്നീ ചിത്രങ്ങളൊക്കെ സുരാജിന്റെ കരിയര്‍ ഗ്രാഫുയര്‍ത്തുകയും മികച്ച സ്വഭാവനടനെന്ന പേര് ഈ ചിത്രങ്ങളിലൂടെയെല്ലാം സുരാജ് നേടിയെടുക്കുകയും ചെയ്തു. 2019-ല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ പതിപ്പ് 5.25 , വികൃതി എന്നിവയ്ക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി.
മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ക്ലാഷ് റിലീസ് വച്ച് വിക്രം നായകനായെത്തുന്ന എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര സൂരന്‍ ആണ് സുരാജ്‌ന്റേതായി പുറത്തു വരാനിരിക്കുന്ന മറ്റൊരു ചിത്രം. സുരാജ് വെഞ്ഞാറമൂട് ആദ്യമായഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വീര ധീര സൂരന്‍. സ്റ്റേജ് പ്രോഗ്രാമുകളിലും അഭിമുഖങ്ങളിലുമെല്ലാം കൗണ്ടറടിച്ച് ആളുകളെ കയ്യിലെടുക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കൗണ്ടറുകളുടെ ആരാധകനായി നടന്‍ വിക്രം മാറി കഴിഞ്ഞതും ഇതിനോടകം വാര്‍ത്തയായി കഴിഞ്ഞിട്ടുണ്ട്.
മികച്ച സിനിമകളിലൂടെ ഇന്ന് മലയാളം – തമിഴ് ഇന്‍ഡസ്ട്രിയുടെ ഭാഗമായി കഴിഞ്ഞ സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറും നരിവേട്ടയിലെ ബഷീര്‍ മുഹമ്മദ് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും അണിയറ പ്രവര്‍ത്തകരും.
ചേരന്‍, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടില്‍ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എന്‍ എം ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് – ബാവ, കോസ്റ്റും – അരുണ്‍ മനോഹര്‍, മേക്ക് അപ് – അമല്‍ സി ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍,പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍ -ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.




