Section

malabari-logo-mobile

പരിസ്ഥിതിലോല മേഖല സംസ്ഥാന താല്‍പര്യം സംരക്ഷിക്കും; വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍

HIGHLIGHTS : The ecologically sensitive region will protect the interests of the state; Minister of State for Forests and Wildlife AK Shashindran

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് പരസ്പരവിരുദ്ധം ആണ് എന്ന പ്രചരണം തെറ്റായിട്ടുള്ളതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്നതുമാണ്.

ഒരു സംരക്ഷിത പ്രദേശത്തിന് ചുറ്റും 10 കീ.മി. വരെയുള്ള പ്രദേശം ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിക്കപ്പെടാത്ത പക്ഷം സംരക്ഷിത മേഖലയ്ക്ക് ചുറ്റുമായി 10.കീ.മി പ്രദേശം സ്ഥിരസ്ഥിതിയായി (റലളമൗഹ)േ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയിരിക്കാമെന്ന് 11.11.2012-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്താലയം നിഷ്‌കര്‍ഷിക്കുകയുണ്ടായി.

sameeksha-malabarinews

സര്‍ക്കാര്‍ 2015-ല്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംരക്ഷിത പ്രദേശങ്ങള്‍ക്കായി വിവിധ തീയതികളില്‍ കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ 2016-ല്‍ ആറളം, സൈലന്റ് വാലി എന്നിവയ്ക്കുള്ള പ്രസ്തുത നിര്‍ദ്ദേശങ്ങളുടെ ഭൂപടത്തില്‍ മാറ്റം വരുത്തുകയും അപൂര്‍വ്വ വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളെ ഉള്‍പ്പെടുത്തുകയും വേണമെന്ന് അറിയിക്കുകയും ശരിയായ കളര്‍ കോഡുകളുള്ള ശരിയായ മാപ്പുകളുടെ അഭാവത്തില്‍ മറ്റ് 11 നിര്‍ദ്ദേശങ്ങളുടെ പരിഗണന വിദഗ്ദ്ധ സമിതി മാറ്റി വയ്ക്കുകയും ചെയ്തു. മറ്റ് പ്രദേശങ്ങള്‍ക്കായി, ഏകീകൃത കളര്‍ കോഡും അപൂര്‍വ്വ വംശനാശ ഭീഷണി നേരിടുന്ന സസ്യ ജന്തുജാലങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. അതേസമയം, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ടെംപ്ലേറ്റ് 16.02.2017-ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ച്, മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി പ്രൊപ്പസല്‍ പരിഷ്‌കരിച്ചെങ്കിലും കരട് വിജ്ഞാപനങ്ങള്‍ കാലഹരണപ്പെട്ടിരുന്നു.

2019-ല്‍ സംരക്ഷിത പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഇക്കോ സെന്‍സിറ്റീവ് സോണുകള്‍ രൂപീകരിക്കുന്നതിനുള്ള പുതുക്കിയ ശുപാര്‍ശ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍, മിക്ക പ്രദേശങ്ങളിലും, സംരക്ഷിത പ്രദേശത്തിന്റെ അതിര്‍ത്തി തന്നെയാണ് ഇക്കോ സെന്‍സിറ്റീവ് സോണിന്റെ അതിര്‍ത്തിയായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ടി പ്രദേശങ്ങളില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഇല്ല. ഇത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനോ ബഹു. സുപ്രീം കോടതിയ്‌ക്കോ സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനോ സ്വീകാര്യമല്ല എന്ന് ഇതു സംബന്ധിച്ച് നടന്ന വിവിധ യോഗങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

02.02.2019-ല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത പ്രദേശത്തിന് ചുറ്റുമുള്ള നിലവിലുള്ള വന പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിരുന്നു. അവ കര്‍ശനമായ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു. ഒരു മേഖലയെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിക്കുന്ന ലക്ഷ്യത്തെ ഇത് പൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നു എന്നും ഇക്കാര്യം കേന്ദ്ര വനം-പരിസ്ഥിതി വകുപ്പും / സുപ്രീം കോടതിയും അംഗീകരിക്കില്ല എന്നും വിവിധ യോഗങ്ങളില്‍ നിന്നും വ്യക്തമായതിനാല്‍ ബഹു. സുപ്രീംകോടതി വിധി ലംഘിക്കപ്പെടുകയില്ല എന്ന സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 2019 ഒക്ടോബര്‍ 23-ന് ചേര്‍ന്ന മന്ത്രിസഭാ യോഗം 0 – 1 കി.മീ. ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന നയം കരട് വിജ്ഞാപനം തയ്യാറാക്കുന്നതിനായി തത്വത്തില്‍ അംഗീകരിച്ചിരുന്നത്. ഒരു കി.മീ. പ്രദേശം നിര്‍ബന്ധമായും സോണില്‍ ഉള്‍പ്പെടുത്തണമെന്ന ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കരട് വിജ്ഞാപനങ്ങള്‍ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഒരു നിര്‍ദ്ദേശം മാത്രമാണ് ഈ ഉത്തരവ്. എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ജനവാസ മേഖലകള്‍ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ച് കഴിഞ്ഞതോടെ മന്ത്രിസഭാ തീരുമാന പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രസക്തി ഇല്ലാതായി.

2018 ജൂലൈ – ആഗസ്റ്റ് മാസങ്ങളില്‍ കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതി പാരസ്ഥിതിക ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല / ദുര്‍ബ്ബലമായ വനമേഖലയുടെ സമീപപ്രദേശങ്ങളിലെ ഖനനവും, അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെടുതികള്‍ക്ക് ആക്കം കൂട്ടിയിരുന്നു. മണ്‍സൂണ്‍ കാലത്ത് മണ്ണിടിച്ചിലും മറ്റ് വിപത്തുകളും ഉണ്ടായിരുന്നു. അതിനാല്‍ അനധികൃത നിര്‍മ്മാണം, പുതിയ മലിനീകരണ വ്യവസായങ്ങള്‍ ജനവാസമേഖലകളില്‍ അനിയന്ത്രിതമായ ക്വാറി തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ഇക്കോ സെന്‍സിറ്റീവ് സോണിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യം പ്രളയക്കെടുതികളോട് അനുബന്ധിച്ച് നിലവിലുണ്ടായിരുന്നു. ആയതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നതായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നു. ഈ കാരണങ്ങളാല്‍ ആണ് മേല്‍ പറഞ്ഞ മന്ത്രിസഭാ തീരുമാനം ഉണ്ടായത്.  പ്രസ്തുത ഉത്തരവില്‍ ഒരു സ്ഥലത്തും ഒരു കി.മീ. പരിധി നിര്‍ബന്ധമായും ഇക്കോ സെന്‍സിറ്റീവ് സോണ്‍ മേഖലയാക്കണം എന്ന കര്‍ശന വ്യവസ്ഥ ഇല്ല. ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ നേരിട്ട് സ്ഥല പരിശോധന (ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍) നടത്തുകയും ഉരുള്‍പൊട്ടല്‍ സാധ്യത ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അത്യാവശ്യമെങ്കില്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടിവരുമോ എന്ന് ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനയില്‍ ശ്രദ്ധിക്കുന്നതിനാണ് ഈ പൊതു നിര്‍ദ്ദേശം ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ നടത്തിയപ്പോള്‍ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ല എന്ന് കാണുകയും ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് 22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിയ്ക്കുകയും ചെയ്തു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള എല്ലാ നിര്‍ദ്ദേശങ്ങളിലും ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുള്ളതാണ്.

വസ്തുതകള്‍ ഇതായിരിക്കെ ജനവാസ മേഖല ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു കി.മീ. പരിധിയില്‍ പരിസ്ഥിതി സംവേദക മേഖല നിര്‍ണ്ണയിക്കും എന്നും ജനങ്ങള്‍ സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകേണ്ടി വരും എന്ന രീതിയില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറേണ്ടതാണ്.  ബഹു. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് കേരളത്തിന് മാത്രം ബാധകമായിട്ടുള്ളതല്ല എന്നും ആയത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണെന്നും ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയില്ല എന്ന് സര്‍ക്കാര്‍ ഊന്നി പറഞ്ഞിട്ടുള്ളതും ഇതിനായി നിയമ നടപടികള്‍ ഉള്‍പ്പെടെ ആവശ്യമായ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയുമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ടതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!