
കോഴിക്കോട്:ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പല പദ്ധതികളും ഒമ്പത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുങ്ങിയത് 50 വര്‍ഷം കൊണ്ട് പോലും നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ പദ്ധതികളാണ് പ്രതിസന്ധികള്‍ തരണം ചെയ്ത് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. അതില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്കപാതയെന്ന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ആനക്കാംപൊയില്‍ സെന്റ് മേരിസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജനതയുടെ ദീര്‍ഘകാല സ്വപ്നസാഫല്യത്തിനാണ് വേദിയൊരുങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്ത് ഒന്നാമതും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 തുറമുഖങ്ങളില്‍ ഒന്നുമാണ്. കിഫ്ബി വഴി നടപ്പാക്കിയ വിഴിഞ്ഞം തുറമുഖം നിശ്ചയിച്ചതിലും മുന്നേ കമ്മീഷന്‍ ചെയ്യാനായി. ഗെയില്‍ വാതക പൈപ് ലൈന്‍, പെരുമണ്‍ പവര്‍ ഹൈവേ, ദേശീയപാത, ജലപാത തുടങ്ങിയ പദ്ധതികളും വിവിധങ്ങളായ പ്രതിസന്ധികള്‍ തരണം ചെയ്താണ് സര്‍ക്കാര്‍ നടപ്പിലാക്കിയതും നടപ്പാക്കി വരുന്നതും.
2016-ല്‍ ഭരണത്തിലെത്തുമ്പോള്‍ ഖജനാവിന്റെ ശേഷിക്കുറവ് പല പദ്ധതികള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചു. കിഫ്ബി വഴി ധനസ്രോതസ് പുനരുജ്ജീവിപ്പിച്ച് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ 2021-ല്‍ 62,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കൈവരിച്ചത്. നിലവില്‍ 90,000 കോടി രൂപയുടെ വികസന പദ്ധതികളും കിഫ്ബി വഴി നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി അനുവദിച്ച 5600 കോടി രൂപ വായ്പയായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. കിഫ്ബി വഴി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതവും വായ്പാ പരിധിയുമാണ് കേന്ദ്രം നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് ചെലവിടേണ്ടതായ തുകയാണ് കേന്ദ്രം നിഷേധിക്കുന്നത്.
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയില്ലാതെ കൊടുത്തു തീര്‍ക്കാനായി. 60 ലക്ഷം പേര്‍ക്കാണ് 1600 രൂപ വീതം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുരങ്കപാത യാഥാര്‍ഥ്യമാകുന്നതിലൂടെ വാണിജ്യ, കാര്‍ഷിക, വിനോദ സഞ്ചാര മേഖലകള്‍ക്ക് വലിയ കുതിപ്പുണ്ടാകും. ചരിത്രപരമായും പാരിസ്ഥിതികമായും സംരക്ഷിക്കപ്പെടേണ്ട മേഖലയാണ് വയനാട്. ജനങ്ങളുടെ ജീവിതവും ജീവനോപാദികളും സംരക്ഷിക്കപ്പെടണം. ഭൂമിയിലെ വിഭവങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ വരും തലമുറയ്ക്ക് കൈമാറുക എന്ന സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷിക, ടൂറിസം മേഖലകള്‍ക്ക് പുത്തനുണര്‍വുണ്ടാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കാലങ്ങളായി ജനങ്ങള്‍ ആഗ്രഹിച്ച പദ്ധതി പൂര്‍ത്തിയാവുന്നതോടെ രാജ്യത്തിന്റെ പശ്ചാത്തല വികസന മേഖലക്കാകെ വലിയ പ്രതീക്ഷയാകുമെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തില്‍ പൂര്‍ത്തിയായ വികസന പദ്ധതികള്‍ ജനജീവിതത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും സര്‍ക്കാര്‍ തുരങ്കപാത പദ്ധതി യാഥാര്‍ത്ഥ്യമാക്കി മാറ്റിയെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന പദ്ധതി തറക്കല്ലിട്ട് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാക്കി മാറ്റുകയല്ല സര്‍ക്കാര്‍ ചെയ്തതെന്നും 6000 കോടി രൂപ മുടക്കി വിഴിഞ്ഞം പദ്ധതിയും ദേശീയ പാതയുടെ നിര്‍മ്മാണവുമെല്ലാം സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. വികസന പദ്ധതികള്‍ക്കായി കടമെടുക്കുന്നതിന്റെ പരിധിയില്‍ കേന്ദ്രം കുറവ് വരുത്തിയിട്ടും കിഫ്ബി സഹായത്തോടെ വലിയ വികസനം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. വയനാട് പുനരധിവാസത്തിനായി ബജറ്റില്‍ 750 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പട്ടികജാതി- പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു എന്നിവര്‍ മുഖ്യാതിഥികളായി. എം എല്‍ എമാരായ ലിന്റോ ജോസഫ്, ടി സിദ്ധീഖ്, പി ടി എ റഹീം, മുന്‍ എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, സി കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, മുക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു, പഞ്ചായത്ത് പ്രസിഡന്റ്മാരായ ബിന്ദു ജോണ്‍സണ്‍ (തിരുവമ്പാടി), കെ ബാബു (മേപ്പാടി) അലക്‌സ് തോമസ് ചെമ്പകശ്ശേരി (കോടഞ്ചേരി), ആദര്‍ശ് ജോസഫ് (കൂടരഞ്ഞി), നജ്മുന്നീസ ഷെരീഫ് (പുതുപ്പാടി), സുനിത രാജന്‍ (കാരശ്ശേരി), ദിവ്യ ഷിബു (കൊടിയത്തൂര്‍), ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍.സി.എല്‍ ഡെപ്യൂട്ടി സി ഇ ഒ ബിരേന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആനക്കാംപൊയില്‍ നിന്നാരംഭിച്ച് ഉദ്ഘാടന വേദിയില്‍ എത്തിച്ചേര്‍ന്ന വര്‍ണാഭമായ ഘോഷയാത്രയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നല്‍കി. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.
തുരങ്കപാത നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും
വയനാട്- കോഴിക്കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കരാര്‍ ഏറ്റെടുത്തത്. 2134. 5 കോടി രൂപയാണ് പദ്ധതി ചെലവ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



