HIGHLIGHTS : The Chief Minister has sent a letter to the Central Government requesting the return of the Malayalees who were victims of labor fraud in Russia
റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്തോവില്‍ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളീയരായ സന്തോഷ് കാട്ടുകാലയ്ക്കല്‍ ഷണ്‍മുഖന്‍, സിബി സുസമ്മ ബാബു, റെനിന്‍ പുന്നക്കല്‍ തോമസ് എന്നിവര്‍ ലുഹാന്‍സ്‌കിലെ സൈനിക ക്യാമ്പില്‍ കുടുങ്ങി കിടക്കുന്നതായും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരെന്നും അറിയുന്നു. ഇവരെ രക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകള്‍ വേണം. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയാണ് കേരളീയരായ ഇവര്‍ റഷ്യയിലെത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയില്‍ വിന്യസിക്കുകയാണെന്നുമാണ് അറിയുന്നത്. അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു