
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലിന് കാരണമായത് കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രാദേശിക ഘടകങ്ങള്‍ കൂടിയായപ്പോള്‍ ദുരന്തത്തിന്റ ആഘാതം പതിന്മടങ്ങായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലത്തിന്റെ ചെരിവ്, മണ്ണിന്റെ ദുര്‍ബല ഘടന തുടങ്ങിയവ ആഘാതം കൂട്ടി.
അപകടമേഖയില്‍ 2018 മുതല്‍ ചെറുതും വലുതുമായി പല ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നുണ്ട്. ചൂരല്‍മല, മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ ഏഴ് കിലോമീറ്റര്‍ ദൂരം അവശിഷ്ടങ്ങള്‍ ഒഴുകി. കൂറ്റന്‍ പാറക്കഷണങ്ങളും മണ്ണും ചെളിയും അതിവേഗത്തില്‍ ഒഴുകിയെത്തി. അപകടമുണ്ടായ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയിലാണെന്നും ജിഎസ്ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉയര്‍ന്ന ചലനനിരക്കുള്ള ഉരുള്‍പൊട്ടലാണ് ഉണ്ടായത്. അതുകൊണ്ടാണ് ഏഴ് കിലോമീറ്റര്‍വരെ കുത്തിയൊലിച്ചത്. 10 അടി നീങ്ങാന്‍ സെക്കന്‍ഡുപോലും വേണ്ടിവന്നില്ല. ആദ്യഉരുള്‍പൊട്ടലിന്റെ തുടര്‍ച്ചയായി ഒന്നിലധികം ഉരുള്‍പൊട്ടലുകളുണ്ടായി. ഇത് ആ ഗ്രാമത്തെ ഏറെക്കുറെ തകര്‍ത്തു. ചാലിയാര്‍ നദിയുടെ കൈവഴിയായ പുന്നപ്പുഴയുടെ ഉറവിടം തന്നെയാണ് മുണ്ടക്കൈ അവശിഷ്ടങ്ങളുടെ ഒഴുക്കിന്റെ ഉറവിടം. ഉറവിടത്തില്‍ അവശിഷ്ട സ്ലൈഡായി ആരംഭിക്കുകയും ടണ്‍കണക്കിന് പാറയും മണ്ണും വഹിച്ചുകൊണ്ട് ജലരൂപത്തിലുള്ള ചെളിയുമായി കലര്‍ന്ന് അരുവിയുടെ പാത പിന്തുടരുകയും അത് ഒഴുകിയ ഭാഗങ്ങള്‍ നിരപ്പാക്കുകയും ചെയ്തു. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളെ ശ്മശാനഭൂമിയാക്കി. കനത്ത മഴയും വന്‍ ഉരുള്‍പൊട്ടലും പുന്നപ്പുഴയുടെ ഗതി മാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
2018ലെ മണ്‍സൂണിലാണ് പ്രഭവകേന്ദ്രത്തില്‍ മണ്ണിടിച്ചിലിന്റെ യഥാര്‍ത്ഥ തുടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിസ്തീര്‍ണ്ണം വര്‍ധിച്ചതായും കണക്കാക്കുന്നു. നാഷണല്‍ ലാന്‍ഡ് സ്ലൈഡ് സസെപ്റ്റബിലിറ്റി മാപ്പിങ് (എന്‍എല്‍എസ്എം) പ്രോഗ്രാമിന് കീഴില്‍ തയ്യാറാക്കിയ സാധ്യതാ ഭൂപടം അനുസരിച്ച് ചൂരല്‍മല, മുണ്ടക്കൈ, വെള്ളാര്‍മല, അട്ടമല എന്നിവ മോഡറേറ്റ് സസെപ്റ്റിബിലിറ്റി സോണുകളായി (എംഎസ്സെഡ്) അടയാളപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ള കുന്നിന്‍ പ്രദേശങ്ങള്‍ അപകട സാധ്യതയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



