കണ്ണൂര്‍: പേരാവൂര്‍ നെടുംപുറംചാലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് രണ്ടര വയസുകാരിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ രണ്ടരവയസ്സുകാരി നുമ തസ്‌ലിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉരുള്‍പൊട്ടലില്‍ കണ്ണൂര്‍ പേരാവൂരില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. പേരാവൂരില്‍ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പേരാവൂര്‍ നെടുംപോയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കണിച്ചാറിലും പൂളക്കുറ്റിയിലും ഉള്‍പ്പെടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെടുംപോയിലില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.
വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കണ്ണൂരിന്റെ മലയോര മേഖലയില്‍ അതിശക്തമായ മഴയാണ്. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കര കവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
കോട്ടയം തീക്കോയി മാര്‍മല അരുവിക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായതായും വിവരമുണ്ട്. തീക്കോയി പഞ്ചായത്തിലെ ഒറ്റഈട്ടിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി ഫയര്‍ഫോഴ്സ് അറിയിച്ചു.




