മൂവാറ്റുപുഴ: അര്‍ബന്‍ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തിന്റെ കട ബാധ്യത ഏറ്റെടുക്കുമെന്നു മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൃദ്രോഗിയായ അച്ഛന്‍ ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളടക്കം നാലു മക്കളെ ഇറക്കിവിട്ട് ജപ്തിചെയ്ത വീടിന്റെ ആധാരം പണമടച്ച് വീണ്ടെടുത്തു നല്‍കുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്കാണ് പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ വി.എ. അജേഷ്‌കുമാറിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തിചെയ്തത്. ബാങ്കില്‍ നിന്നും എത്തിയവരോട് അയല്‍വാസികള്‍ അടക്കമുള്ളവര്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സാവകാശം നല്‍കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം ജപ്തി നടപടികള്‍ക്കു വേണ്ടി എത്തിയ ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവരുകയും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വീടിന്റെ സീല്‍ ചെയ്ത താഴ് തകര്‍ത്ത് രാത്രി കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിച്ചു.
ആധാരം തിരികെ നല്‍കാന്‍ ബാങ്ക് ആവശ്യപ്പെടുന്ന പണം അടയ്ക്കാന്‍ തയ്യാറാണ്. ഒട്ടേറെപ്പേര്‍ കുടുംബത്തെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. കടം വീട്ടി വീട് നന്നാക്കി നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസവും ഗുരുതരാവസ്ഥയിലുള്ള അജേഷിന്റെ ചികിത്സയും ഉറപ്പാക്കും. ഇതിന് കെ.പി.സി.സി. പ്രസിഡന്റടക്കമുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.




