Section

malabari-logo-mobile

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളക്ക് തുടക്കമായി

HIGHLIGHTS : The 14th International Documentary Short Film Festival has started

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്ക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ) വെള്ളിയാഴ്ച തിരുവനന്തപുരത്ത് തിരശ്ശീലയുയര്‍ന്നു. ഓഗസ്റ്റ് 31 വരെ നീളുന്ന മേളയുടെ വേദി കൈരളി, ശ്രീ, നിള തിയേറ്ററുകളാണ്.

കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രണ്ട് ലക്ഷം രൂപയും മെമെന്റോയും ശിലാഫലകവുമടങ്ങുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായകയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിച്ചു.

sameeksha-malabarinews

ഒരു വ്യാഴവട്ടത്തിലേറെയായി ഡോക്യുമെന്ററി, എഡിറ്റിംഗ്, ക്യൂറേറ്റിംഗ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ലഭിച്ച പുരസ്‌ക്കാരം സിനിമയിലെ അറിയപ്പെടാത്ത വനിതാ കലാകാരന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതായി റീന മോഹന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സിനിമയിലെ വനിതാ എഡിറ്റര്‍മാര്‍ക്കും സിനിമയുടെ ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും കേരളത്തിലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനുമായി (ഡബ്ല്യു.സി.സി) പുരസ്‌ക്കാരം സമര്‍പ്പിക്കുന്നതായി റീന പറഞ്ഞു. ഡോക്യുമെന്ററി-ഹ്രസ്വ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരള സര്‍ക്കാറിന്റെ നടപടികളെ അവര്‍ അഭിനന്ദിച്ചു.

ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ മാരിയുപോളിസ് 2 പ്രദര്‍ശിപ്പിച്ചു. ഉക്രൈന്‍ യുദ്ധത്തിന്റെ സംഘര്‍ഷ കാഴ്ചകള്‍ പകര്‍ത്തിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകന്‍ മന്‍താസ് ക്വെദാരാവിഷ്യസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. മരിയുപോള്‍ എന്ന യുദ്ധകലുഷിതമായ ഉക്രൈന്‍ നഗരത്തിലെ ജനജീവിതത്തിന്റെ ദുരിതവും സഹനങ്ങളും വരച്ചുകാട്ടുന്നതാണ് ചിത്രം.

44 രാജ്യങ്ങളില്‍ നിന്നുള്ള 261 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1200 ലേറെ പ്രതിനിധികളും ചലച്ചിത്രപ്രവര്‍ത്തകരായ 250 ഓളം അതിഥികളും പങ്കെടുക്കുന്നു. ലോംഗ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മത്സര വിഭാഗങ്ങള്‍. മത്സര വിഭാഗത്തില്‍ 69 ചിത്രങ്ങളാണുള്ളത്. മത്സരേതര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ഇതര ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭാഗത്തില്‍ 56 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ബെസ്റ്റ് ഓഫ് ദി വേള്‍ഡ് വിഭാഗത്തില്‍ വിവിധ അന്താരാഷ്ട്ര മേളകളില്‍ അംഗീകാരങ്ങള്‍ നേടിയ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ വനിതാ സംവിധായകര്‍ ഐ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐ-ടേയ്ല്‍സ് ആണ് മറ്റൊരു ആകര്‍ഷണം. ആര്‍.പി അമുദന്‍ ക്യൂറേറ്റ് ചെയ്ത എന്‍ഡേഞ്ചേഡ് ബട്ട് റെസീല്യന്റ് എന്ന പാക്കേജ്, ഫെര്‍ണാണ്ടോ സൊളാനസിന്റെ അവസാന ചിത്രം, തര്‍ക്കോവ്സ്‌കിയെക്കുറിച്ച് മകന്‍ സംവിധാനം ചെയ്ത ഡോകുമെന്ററി എന്നിവ മേളയുടെ മാറ്റ് കൂട്ടും.

മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ട് ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. കേരളത്തില്‍ നിര്‍മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് അര ലക്ഷമാണ് സമ്മാനം.

മേളയുടെ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും നടത്താം. ഡെലിഗേറ്റ് പാസിന് 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ്.

ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവെല്‍ ബുക്ക് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. ദിവസേനയുള്ള ബുള്ളറ്റിന്‍ മേയര്‍ ആര്യ രാജേന്ദ്രന് നല്‍കി മന്ത്രി ജി. ആര്‍ അനില്‍ പ്രകാശനം നിര്‍വഹിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, നടന്‍ മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!