തായ്ലന്‍ഡ് നാഷണല്‍ ഹെല്‍ത്ത് അസംബ്ലി : കേരളത്തെ പ്രതിനിധീകരിച്ച് എം. കെ. റഫീഖ

HIGHLIGHTS : Thailand National Health Assembly: M. K. Rafeekha representing Kerala

മലപ്പുറം : തായ്ലാന്‍ഡ് സര്‍ക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ നടക്കുന്ന 17 -ാമത് നാഷണല്‍ ഹെല്‍ത്ത് അസംബ്ലിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ സംബന്ധിക്കും.
ഇത് സംബന്ധിച്ച് തായ്ലാന്റ് സര്‍ക്കാരില്‍ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചു. തായ്ലന്‍ഡ് പ്രധാന മന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് എല്ലാ വര്‍ഷവും നാഷണല്‍ ഹെല്‍ത്ത് അസംബ്ലി സംഘടിപ്പിക്കുന്നത്.

നവംബര്‍ 26 മുതല്‍ 28 വരെ ബാങ്കോക്കില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെയും വിശിഷ്യാ മലപ്പുറം ജില്ലയിലെയും ആരോഗ്യ രംഗത്തെ ഇടപെടലുകളെ കുറിച്ച് എം. കെ. റഫീഖ പ്രബന്ധം അവതരിപ്പിക്കും.
അധികാരവികേന്ദ്രീകരണം വഴി ആരോഗ്യമേഖലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇടപെടലുകളും, രീതികളും, പ്രവര്‍ത്തനങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രബന്ധത്തില്‍ വിശദീകരിക്കും.കേരളത്തിന്റെയും മലപ്പുറം ജില്ലയുടെയും ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്.

sameeksha-malabarinews

ആരോഗ്യ മേഖലയിലെ സാമൂഹിക പങ്കാളിത്തത്തെകുറിച്ചുള്ള ലോക ആരോഗ്യ സംഘടനയുടെ (ഡബ്യൂ.എച്ച്.ഒ) പ്രമേയത്തിനനുസൃതമായി ആഗോള പ്രവര്‍ത്തന പദ്ധതി വികസിപ്പിക്കുകയും, പ്രമേയം പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ അംസംബ്ലിയുടെ ഉദ്ദേശലക്ഷ്യം. പരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങള്‍ ക്രോഡീകരിച്ച് തായ്ലാന്റ് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ആരോഗ്യ കമ്മീഷന്‍ ആരോഗ്യ നയം രൂപപ്പെടുത്തും .

ആരോഗ്യ മേഖലയില്‍ ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരത്തോടെ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര കൂടിച്ചേരലുകളില്‍ ഒന്നായ തായ്ലാന്‍ഡ് നാഷണല്‍ ഹെല്‍ത്ത് അസംബ്ലിയില്‍ കേരളത്തില്‍ നിന്ന് ക്ഷണിക്കപ്പെടുന്ന ഏക പ്രതിനിധിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഇന്ത്യയില്‍ നിന്ന് ആകെ രണ്ട് പേരാണ് അസംബ്ലിയില്‍ സംബന്ധിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സൊസൈറ്റി ഫോര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് അവയര്‍നസ് റിസര്‍ച്ച് ആന്‍ഡ് ആക്ഷന്‍ (SOCHARA) യുടെ സി.ഇ.ഒ സുരേഷ് ദണ്ഡപാണി ആണ് മറ്റൊരാള്‍.

ആരോഗ്യ രംഗത്ത് സാമൂഹിക പങ്കാളിത്തം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ രാജ്യങ്ങളാണ് അസംബ്ലിയില്‍ സംബന്ധിക്കുക. ഇന്ത്യയെ കൂടാതെ ബ്രസീല്‍, ഫ്രാന്‍സ്, നോര്‍വേ, സ്ലോവാനിയ, ട്യൂണീഷ്യ, എന്നിവയാണ് ഈ വര്‍ഷം പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍.

സാമൂഹികപങ്കാളിത്തം ഫലപ്രദമായി വിനിയോഗിച്ച് മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിയ മികച്ച പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയും. പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യപരിരക്ഷക്കായി ആശുപത്രികളുമായി സഹകരിച്ച് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍, സ്വച്ഭാരത് മിഷന്‍ ക്യാമ്പെയിനിലൂടെ ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ച് ശുചീകരണ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍, സാനിറ്ററി പാഡുകളുടെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് കുടുംബശ്രീ/വിവിധ ഏജന്‍സികളുടെ സഹായത്തോടെ മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അവതരണത്തില്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!