താനൂര്‍: ബൈക്കിലെത്തി യുവതിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞയുവാവ് പിടിയിലായി. താനൂര്‍ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കല്‍ സൈനുല്‍ ആബിദ് (40)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മൂലക്കല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് ജംഗ്ഷനില്‍ വെച്ച് കുണ്ടുങ്ങലുള്ള സിഎംഎം മെഡിക്കല്‍ സെന്ററില്‍ നിന്നും വീട്ടിലേക്കു നടന്നു പോവുകയായിരുന്ന ഉമയുടെ കഴുത്തില്‍ ധരിച്ചിരുന്ന 3പവന്‍ വരുന്ന സ്വര്‍ണമാല ബൈക്കിലത്തിയെ ആബിദ് പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ ജില്ലാപോലീസ് മേധാവി യു അബ്ദുള്‍ കരീമിന്റെയും തിരൂര്‍ ഡിവൈഎസ്പി കെ സുരേഷ് ബാബുവിന്റെയും നിര്‍ദേശ പ്രകാരം താനൂര്‍ സിഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. തിരൂര്‍ മുതല്‍ വള്ളിക്കുന്ന് വരെയുള്ള 75ഓളം സിസിടിവി കള്‍ പരിശോധിക്കുകയും കിട്ടിയ വിവരം അനുസരിച്ചുള്ള 100ഓളം മോട്ടോര്‍ സൈക്കിള്‍ പരിശോധിച്ചു. കെഎല്‍ 55 എല്‍ 3494 എന്ന ബൈക്കാണെന്ന് മനസിലാക്കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വാഹനം ഉപയോഗിക്കുന്നയാളെ കണ്ടെത്തുകയായിരുന്നു. ഞാറാഴ്ച താനൂര്‍ മൂന്നുപളളി പരിസരത്തുവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നേരത്തെ വള്ളിക്കാഞ്ഞിരത്തുവെച്ച് യുവതിയുടെ അഞ്ച് പവന്റെ മാലയും പൂക്കയില്‍ വെച്ച് മറ്റൊരു സ്ത്രീയുടെ മാലയും കവര്‍ന്നതായി പ്രതി പോലീസിനോട് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സിഐ പ്രമോദ് , എഎസ്‌ഐമാരായ സി ജി സലീഷ്, ഗിരീഷ്, എഎസ്‌ഐ കെ എസ് രാജേഷ്, സീനിയര്‍ സിപിഒ കെ സലേഷ്, സിപിഒമാരായ കെ സബറുദ്ദീന്‍, പി രഞ്ജിത്ത്, കെ രാഗേഷ്എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




