പുത്തന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കേസന്വേഷണത്തില്‍ മികവു തെളിയിച്ച് താനൂര്‍ പോലീസ്

Tanur police have proved their mettle in the case by inventing new tactics

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •  

ഷൈന്‍ താനൂര്‍
താനൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് താനൂര്‍. അതില്‍ പെറ്റികേസുകള്‍ മുതല്‍ ക്രിമിനല്‍ കേസുകള്‍ വരെ ഉള്‍പ്പെടും. സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ മിക്കതും ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിക്കുകയാണ് താനൂര്‍ പോലീസ്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ പ്രതികളെ പിടികൂടുന്നത് ഉള്‍പ്പെടെ തെളിയിക്കപ്പെട്ടത് ഒട്ടേറെ പ്രധാനപ്പെട്ട കേസുകള്‍. പലതും സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍. അതിനായി പോലീസ് ഉപയോഗിക്കുന്നത് ഉയര്‍ന്ന രീതിയിലുള്ള ഐ.ടി ടെക്‌നോളജിയും, തന്ത്രങ്ങളും.

വയോധികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ് മുതല്‍ ജ്വല്ലറി കവര്‍ച്ച വരെ ഇതില്‍പ്പെടുന്നു. പുലര്‍ച്ചെ റോഡരികില്‍ നിന്നിരുന്ന 60 വയസ്സ് പ്രായമുള്ള വയോധികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച എറണാകുളം സ്വദേശി ലോറി ഡ്രൈവറെ പിടികൂടിയത് 150ഓളം സിസിടിവി ക്യാമറകളും, ഇരുന്നൂറോളം ലോറികളും പരിശോധന നടത്തിയായിരുന്നു.

നഗരമധ്യത്തില്‍ പട്ടാപകല്‍ നടന്ന ജ്വല്ലറി മോഷണത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കകമാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ഫറോക്ക്, പന്നിയങ്കര, തിരൂരങ്ങാടി, പാണ്ടിക്കാട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലും കേസുകള്‍ ഉണ്ടായിരുന്നു.

ഏറ്റവുമൊടുവില്‍ സ്‌കൂട്ടര്‍ മോഷണ കേസിലെ പ്രതിയായ പതിനഞ്ചുകാരനെ പിടികൂടി. പ്രതി മാസ്‌ക് ധരിച്ചതിനാലും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തത ഇല്ലാത്തതിനാലും ഏറെ പ്രയാസപ്പെട്ടാണ് പോലീസ് പതിനഞ്ചുകാരനെ പിടികൂടിയത്.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തിലാണ് അന്വേഷണങ്ങള്‍ നടന്നത്. സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ഷാജ്, ഗിരീഷ് സി.പി.ഒ മാരായ വിമോഷ്, ഷൈജു മലയില്‍, മനോജ് തുടങ്ങിയവരാണ് ടീമംഗങ്ങള്‍. സീനിയര്‍ സി.പി.ഒ സലേഷ് കാട്ടുങ്ങല്‍, എംപി സബറുദ്ദീന്‍ എന്നിവരാണ് മുഖ്യ അന്വേഷണ സംഘാംഗങ്ങള്‍.

നിരാലംബര്‍ക്ക് സഹായം എത്തിക്കുന്നതിനും അവരുടെ പരാതികള്‍ക്ക് സമയബന്ധിതമായി തീര്‍പ്പുണ്ടാക്കുന്നതിനും എസ്.എച്ച്.ഒ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്റ്റേഷന് നാട്ടുകാരും ബിഗ് സല്യൂട്ട് നല്‍കുന്നു.

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •