താനൂരില്‍ സവാദിന്റെ കൊലപാതകം; മുഖ്യപ്രതി ബഷീര്‍ കീഴടങ്ങി

താനൂര്‍: താനൂരില്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദ്(40)നെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓമച്ചപ്പുഴ സ്വദേശി ബഷീര്‍ കീഴടങ്ങി. തിങ്കളാഴ്ച രാവിലെയാണ് വിദേശത്തു നിന്നും ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ പ്രതി തിരൂരില്‍ ട്രെയിനിറങ്ങി ടാക്‌സി വിളിച്ച് താനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി സി ഐ എം ഐ ഷാജിക്ക് മുന്നില്‍ കീഴടങ്ങിയത്. പ്രതിയെ സംഭവം നടന്ന തെയ്യാലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച മരവടി സംഭവ സ്ഥലത്തുനിന്നും പോലീസ് കണ്ടെത്തി. ബഷീറിനെ വൈദ്യപരിശോധനയ്ക്കായി തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കനത്ത പോലീസ് കാവലാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിദേശത്തെത്തിയ പ്രതി ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതായി നേരത്തെ തന്നെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സവാദിന്റെ ഭാര്യ സൗജത്തിനെ സ്വന്തമാക്കുന്നതിനു പുറമെ കൊലപാതകത്തിന് പിന്നില്‍ മറ്റ് വല്ല ലക്ഷ്യങ്ങളും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കേസിലെ കൂട്ടു പ്രതിയായ സൂഫിയാന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് പോലീസ് നിഗമനം. മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ബഷീര്‍ കാസര്‍കോട്ടുനിന്നാണ് സുഹൃത്തും അയല്‍ക്കാരനുമായ സുഫീയാനെ കൂടെ കൂട്ടിയത്. താന്‍ താനൂരിലെ തന്റെ കാമുകിയെ കാണാന്‍ വന്നതാണെന്നും മടക്കയാത്രയിലാണ് കൊലപാതക വിവരം തന്നോട് പറഞ്ഞതെന്നും സൂഫിയാന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കാസര്‍കോട്ട് സൂഫീയാന്‍ ഒളിപ്പിച്ച കാര്‍ കഴിഞ്ഞ ദിവസം താനൂര്‍ പോലീസ് കണ്ടെത്തിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന സൗജത്തിനെയും സൂഫിയാനെയും അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സവാദിനെ ബഷീര്‍ തലക്കടിച്ച് കൊലപ്പെടുത്തുകയും. ശേഷം മരണം ഉപ്പക്കാനായി ഭാര്യസൗജത്ത് കഴുത്തറുക്കുകയും ചെയ്തത്.

Related Articles