Section

malabari-logo-mobile

താനൂര്‍ തുറമുഖം പതിനായിരം പേര്‍ക്ക് നേരിട്ടും ഒരു ലക്ഷമാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കും;മുഖ്യമന്ത്രി

HIGHLIGHTS : tanur-Harbor

താനൂര്‍: താനൂര്‍ മത്സ്യബന്ധന തുറമുഖം പതിനായിരം പേര്‍ക്ക് നേരിട്ടും ഒരു ലക്ഷമാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 600 ടണ്‍ അധിക മത്സ്യബന്ധനത്തിന് തുറമുഖം അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 86 കോടി രൂപ ചെലവഴിച്ച് യാഥാര്‍ത്ഥ്യമാക്കിയ താനൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

താനൂര്‍ പുതിയകടപ്പുറം, ചീരാന്‍ കടപ്പുറം, എടക്കടപ്പുറം, എളാരന്‍ കടപ്പുറം, പണ്ടാരന്‍ കടപ്പുറം ഒളര്‍മന്‍ കടപ്പുറം എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിവൃദ്ധിയ്ക്ക് ഹാര്‍ബര്‍ പ്രയോജനപ്പെടും. താനൂര്‍ ഹാര്‍ബര്‍ പ്രവൃത്തി പുന:രാരംഭിച്ച സര്‍ക്കാര്‍ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിച്ചു. സംസ്ഥാനത്ത് അഞ്ച് മത്സ്യബന്ധന തുറമുഖങ്ങള്‍ കമ്മീഷന്‍ ചെയ്തതിന് പുറമെ മൂന്ന് തുറമുഖങ്ങള്‍ കൂടി തീരദേശവാസികള്‍ക്ക് സമര്‍പ്പിക്കാനായി. മത്സ്യബന്ധന മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായതോടെ 50 ദിവസം അധികമായി മത്സ്യബന്ധനത്തിന് സാധിക്കുമെന്നും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിക്കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇടനിലക്കാരുടെ കൊള്ള തടയാന്‍ മത്സ്യത്തൊഴിലാളിയ്ക്ക് സര്‍ക്കാര്‍ നിയമപരിരക്ഷ നല്‍കി. ഇതുവഴി മത്സ്യത്തൊഴിലാളിയ്ക്ക് ന്യായ വില സര്‍ക്കാര്‍ ഉറപ്പാക്കി.

കേരളതീരം സ്വകാര്യ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി. സമ്മേളന ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.പി രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

താനൂരില്‍ നടന്ന ചടങ്ങില്‍ വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. മത്സ്യബന്ധന -ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.കെ മുഹമ്മദ് കോയ, കിന്‍ഫ്ര ഡയറക്ടര്‍ ഇ.ജയന്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ സി.ലത, മത്സ്യഫെഡ് ചെയര്‍മാന്‍ ചിത്തരഞ്ജന്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി.പി കുഞ്ഞിരാമന്‍, താനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ പി.ടി അക്ബര്‍, ഇ.കുമാരി, ആരിഫ സലിം, സുചിത്ര സന്തോഷ്, റൂബി ഫൗസി ടീച്ചര്‍, ഹംസു മേപ്പുറത്ത്, ഒ.കെ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!