കടുത്ത ജാഗ്രത : മുഴുവന്‍ വഴികളും അടച്ച് താനൂര്‍

താനൂര്‍ കോവിഡ് സമൂഹ വ്യാപന പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി താനൂരിലെ എല്ലാ വഴികളും അടച്ചു. ഈ മേഖലയില്‍ പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ കര്‍ശനമായ നിരീക്ഷണവും ഏര്‍പ്പെടുത്തി.

പ്രധാന റോഡുകള്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് തുറന്നുകൊടുത്തത്. പൂരപ്പുഴ മുതല്‍ മൂലക്കല്‍ വരെയുള്ള പരപ്പനങ്ങാടി – തിരൂര്‍ പാതയിലെ ഇടറോഡുകള്‍ പൂര്‍ണമായും അടച്ചു. ഗ്രാമപ്രദേശങ്ങളിലെ റോഡുകളും അടച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയാല്‍ പോലിസ് കേസെടുക്കും എന്നറിയിച്ചിട്ടുണ്ട്.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. മറ്റുകടകള്‍ പൂര്‍ണ സമയം അടച്ചിടാന്‍ വ്യാപാരികള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി . ആരാധനാലയങ്ങള്‍ എല്ലാം നഗരസഭ അടച്ചിടാന്‍ ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിലും ശക്തമായ ജാഗ്രത പുലര്‍ത്തുമെന്ന് നഗരസഭാധ്യക്ഷ സി.കെ. സുബൈദ പറഞ്ഞു.
താനൂരില്‍ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 107 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ബുധനാഴ്ചയാണ് താനൂരിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയ്മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ചീരാന്‍കടപ്പുറം സ്വദേശിയിലൂടെ അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഇയാള്‍ സന്ദര്‍ശനം നടത്തിയ താനൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നഗരസഭ മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇയാളുടെ സഞ്ചാരപഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
നഗരസഭ കാര്യാലയത്തില്‍ അത്യാവശ്യ സേവനങ്ങള്‍ മാത്രമാണ് ഉള്ളത്. തുടര്‍ ദിവസങ്ങളിലും ഈ സ്ഥിതി തുടരാന്‍ ആണ് നിര്‍ദേശം.

താനൂര്‍ മുന്‍സിപ്പാലിറ്റി കണ്ടൈന്‍മെന്റ് സോണിലെ ചീരാന്‍ കടപ്പുറം പാലം, അഞ്ചുടി കുണ്ടുങ്ങല്‍ പാലം, പുതിയ കടപ്പുറം പട്ടരുപറമ്പ് പാലങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top