ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തി താലിബാന്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ നയപരമായ വിഷയങ്ങളില്‍ നടപടികളെടുത്ത് താലിബാന്‍. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തിവച്ചതാണ് ഇതില്‍ പ്രധാനം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവച്ചു. താലിബാന്‍ നിയന്ത്രണം രാജ്യത്തെ കയറ്റുമതി നിയന്ത്രിക്കുന്ന ഉന്നതാധികാര സമിതിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സപോര്‍ട്ട് ഓഗര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.

‘അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – അജയ് സഹായ് പറഞ്ഞു.

ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് അഫ്ഗാനുമായി ഇന്ത്യ നടത്തുന്നത്. ഇതിനായി പ്രധാനമായും ആശ്രയിക്കുന്ന പാകിസ്താന്‍ അഫ്ഗാന്‍ അതിര്‍ത്തി താലിബാന്‍ അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദുബായ് വഴിയുള്ള വ്യാപാര ഇടപാടുകള്‍ തടസമില്ലാതെ തുടരും.

പഴങ്ങള്‍ അണ്ടിപ്പരിപ്പ്, പച്ചക്കറികള്‍ എന്നിവയാണ് അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങള്‍. പഞ്ചസാരയും പഞ്ചസാരയും ഉത്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന കയറ്റുമതി. ദക്ഷിണേഷ്യയിലെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ന്യൂഡല്‍ഹി.

അതിനിടെ, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തിന് തുടര്‍ന്ന് രാജ്യംവിട്ട പ്രസിഡന്റ് അഷ്റഫ് ഗനി യുഎഇയില്‍. മാനുഷികപരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരത്തോടെയാണ് ഗനിയും കുടുംബവും യുഎഇയില്‍ എത്തിയതായി സ്ഥിരീകരിച്ചത്. ഞായറാഴ്ച താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഗനി തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടത്. പിന്നീട് ഗനി കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Share news
error: Content is protected !!
Scroll to Top