ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈത്ത്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും സര്‍വീസുകള്‍. വാണിജ്യ സര്‍വീസുകള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനം.
ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കും നീക്കിയിട്ടുണ്ട്. കുവൈത്ത് അംഗീകരിച്ച കൊവിഡ് വാക്സിന്‍ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം എന്നാണ് പ്രധാന നിര്‍ദേശം. നിലവില്‍ ഇന്ത്യയില്‍ നല്‍കി വരുന്ന കോവിഷീല്‍ഡ് വാക്സിന് കുവൈത്ത് അംഗീകാരമുണ്ട്. യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഒരാഴ്ച ക്വാറന്റീനും നിര്‍ബന്ധമാണ്.
ഇന്ത്യയ്ക്ക് പുറമെ ഈജിപ്ത്, നേപ്പാള്‍ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും നേരിട്ടുള്ള സര്‍വീസുകള്‍ക്കും അനുമതിയുണ്ട്. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ക്വാട്ടയില്‍ പ്രവര്‍ത്തിക്കുന്ന 29 എയര്‍ലൈനുകള്‍ക്കായി പ്രതിദിനം 7,500 യാത്രക്കാരുമായ സര്‍വീസ് നടത്താവുന്ന തരത്തില്‍ ‘ക്വാട്ട’ നിശ്ചയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദുബായ്, തുര്‍ക്കി, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നും കുവൈത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. വിമാനത്തിന്റെ മൊത്തം ആകെയുള്ള ശേഷിക്ക് അനുസരിച്ച് തുര്‍ക്കിയില്‍ നിന്നും ദുബായില്‍ നിന്നും എത്തുന്ന ഫ്ലൈറ്റുകള്‍ക്ക് 150 – 180 യാത്രക്കാരെ എത്തിയ്ക്കാനാവും.




