അരീക്കോട്: കുരങ്ങനുപിന്നാലെ പോയി കാണാതായ കുട്ടിയെ കണ്ടെത്താന്‍ അരീക്കോട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ ചൈനങ്ങാട് പൂളക്കല്‍ ഹസന്‍കുട്ടി – ഖദീജ ദമ്പതികളുടെ ഭിന്നശേഷിക്കാരനായ മകന്‍ മുഹമ്മദ് സൗഹാ (15)നെയാണ് കാണാതായത്. പതിനാലിനാണ് സംഭവം.
കാടിനോടുചേര്‍ന്ന റബര്‍ തോട്ടത്തിലൂടെ കുരങ്ങന്റെ പിറകെ കുട്ടി ഓടുന്നത് കണ്ടവരുണ്ട്. ഇതിനുശേഷം വനത്തില്‍ അകപ്പെട്ടെന്നാണ് കരുതുന്നത്. അരീക്കോട് പോലീസും വനവകുപ്പും ചൊവ്വാഴ്ച ചെക്കുന്ന് മലവാരത്തില്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.
ആഗസ്ത് 14നാണ് ബാലനെ കാണാതായത്. തിങ്കളാഴ്ച ഡോഗ് സ്‌ക്വാഡ് നടത്തിയ തെരച്ചിയില്‍ മണം പിടിച്ച നായയും വനത്തിലേക്ക് ഓടിയതോടെ സംശയം ബലപ്പെട്ടു.
ചൊവ്വാഴ്ച ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നായി തെരഞ്ഞെടുത്ത 150 വളണ്ടിയര്‍മാര്‍ രാവിലെ ഒമ്പത് മണിയോടെയാണ് ചെക്കുന്ന് മലവാരത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയത്. 10 പേരടങ്ങുന്ന 15 ടീം വ്യത്യസ്ഥമായി ചെങ്കുത്തായ മലവാരം മണിക്കൂറുകള്‍ സമയമെടുത്ത് തിരച്ചില്‍ നടത്തി. വളന്റിയര്‍മാര്‍ വൈകിട്ട് ആറുവരെ തെരഞ്ഞെിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടി പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം സിസിടിവി പരിശോധിച്ചുള്ള അന്വേഷണം നടക്കുന്നതായി അരീക്കോട് സ്‌റ്റേഷന്‍ എസ്എച്ചഒ ലൈജുമോന്‍ പറഞ്ഞു.




