
കോഴിക്കോട് : നിരവധി മോഷണങ്ങള്‍ നടത്തിയ യുവാവ് പിടിയില്‍. കക്കോടി ഒറ്റത്തെങ്ങില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ്ഹില്‍ തേവര്‍കണ്ടി വീട്ടില്‍ അഖിലി(32)നെയാണ് എ സി പി ഉമേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പൊലീസും സിറ്റി ഡെപ്യൂട്ടി കമീഷണര്‍ അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
പറമ്പില്‍ ബസാറിലെ അടച്ചിട്ട വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചതടക്കം നിരവധി മോഷണങ്ങള്‍ നടത്തിയത് ഇയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ കക്കോടി കേന്ദ്രീകരിച്ച് നടന്ന ചെറുതും വലുതുമായ പതിനഞ്ചോളം മോഷണക്കേസുകള്‍ക്ക് തുമ്പായി. ചേവായൂര്‍, എലത്തൂര്‍, കാക്കൂര്‍ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ. മോഷണ വസ്തുക്കള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കക്കോടി കുറ്റിയില്‍ തങ്കത്തിന്റെ വീട്ടില്‍ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
25 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. അടുത്ത ദിവസങ്ങളിലായി നിരവധി മോഷണങ്ങള്‍ നടക്കുന്ന തായും, മോഷ്ടാവ് സില്‍വര്‍ കളര്‍ സ്‌കൂട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടിക്കാന്‍ വരുന്നതെന്നും മനസ്സിലാക്കി.
കഴിഞ്ഞ ദിവസം കക്കോടിയിലെ വീട്ടില്‍ മോഷണത്തിനെത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ അവിടെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതി എലത്തുര്‍ സ്റ്റേഷന്‍ പരിധിയിലെ മോരിക്കരയില്‍നിന്ന് മറ്റൊരു സ്‌കൂട്ടര്‍ മോഷണം നടത്തി. ഇതില്‍ രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചുലൂര്‍, രാകേഷ് ചൈതന്യം, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍ മാരായ നിമിന്‍ കെ ദിവാകരന്‍, മിജോ, ഏലിയാസ്, സീനിയര്‍ സിപിഒമാരായ പ്രസാദ്, വിജിനേഷ്, രാജേഷ്, ദീപക്, സന്ദീപ്, സ്‌കൈലേഷ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



