ദില്ലി: വസ്ത്രത്തിന് മുകളിലൂടെ ശരീരത്തില്‍ കടന്നു പിടിക്കുന്നത് ലൈംഗികാധിക്രമമായി കാണാന്‍ കഴിയില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ശരീര ഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശ്യത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു. പോക്‌സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള ബോംബെ ഹൈക്കോടതിയുടെ സങ്കുചിത വ്യാഖ്യാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ലൈംഗിക അതിക്രമത്തില്‍ പ്രധാന വിഷയം ലൈംഗിക ഉദ്ദേശം ഉണ്ടോ എന്നതാണ്. പരസ്പരം ചര്‍മ്മങ്ങള്‍ സ്പര്‍ശിക്കണം എന്ന സങ്കുചിത നിലപാട് കൊണ്ട് പോക്‌സോ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചര്‍മ്മത്തില്‍ സ്പര്‍ശിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടുകയില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഏറെ വിവാദമായ ഉത്തരവ്.
അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധിപ്രസ്താവിക്കുന്നത്.
12 വയസ്സുകാരിയെ പേരക്ക നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നതുമായ കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. കേസിലെ പ്രതിക്ക് നേരത്തെ പോസ്‌കോ നിയമപ്രകാരം വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവെച്ചതോടെ പ്രതിക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയും പിഴ ഒടുക്കേണ്ടിയും വരും.
Supreme Court sets aside the Bombay High Court judgment that held that groping a minor’s breast without “skin to skin contact” can’t be termed as sexual assault as defined under the Protection of Children from Sexual Offences (POCSO) Act. pic.twitter.com/1tBO6vbbNU
— ANI (@ANI) November 18, 2021




