കേരളത്തിലെ തെരുവ് നായ പ്രശ്‌നത്തില്‍ ഇടപെടലുമായി സുപ്രീംകോടതി. മലയാളി അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്. കേരളത്തില്‍ തെരുവ് നായ പ്രശ്‌നമുണ്ടെന്നത് യഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കി. പരിഹാരം സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ കേസിലെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോടും റിപ്പോര്‍ട്ട് തേടി.
തെരുവുനായകളെ പരിപാലിക്കണമെന്ന് ആവശ്യമുള്ളവര്‍ക്ക് അത് ചെയ്യാം. പക്ഷെ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. എന്നാല്‍ പേ വിഷ ബാധ സ്ഥിരീകരിച്ചതും അക്രമകാരികളായതുമായ തെരുവുനായകളെ കേന്ദ്രചട്ടങ്ങള്‍ പാലിച്ച് കൊന്നുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു.
പേവിഷ ബാധയ്ക്ക് എതിരായ വാക്‌സീന്‍ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകള്‍ മരണപ്പെടുന്ന സ്ഥിതി അഭിഭാഷകനായ വി.കെ.ബിജു കോടതിക്ക് മുന്‍പില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്‌നേഹികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രശ്‌നക്കാരായ തെരുവ് നായകളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമമുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടി.
ഇരുവിഭാഗത്തിന്റേയും വാദങ്ങള്‍ വിശദമായി കേട്ട കോടതി പ്രശ്‌നക്കാരായ നായകളേയും അല്ലാത്ത തെരുവ് നായകളേയും രണ്ടായി തിരിച്ച പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ തെരുവ് നായകള്‍ ഗൗരവകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും കോടതി പറഞ്ഞു.




