ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ദില്ലിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകള്‍ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും ജാമ്യവ്യവസ്ഥയില്‍ കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.
എന്നാല്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുബൈര്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരും. ഈ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സുബൈറിന് ജയില്‍ മോചിതനാകാന്‍ കഴിയില്ല.
സുബൈറിന് വധഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുഹമ്മദ് സുബൈറിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ചാല്‍ നാളെ സുബൈറിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് വര്‍ഷം മുന്‍പുള്ള ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെ ജൂണ്‍ 27-ന് അറസ്റ്റ് ചെയ്തത്. ഹിന്ദു സന്യാസിമാരെ വിദ്വേഷം വ്യാപിപ്പിക്കുന്നവര്‍ എന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനെതിരെയാണ് കേസ്. തുടര്‍ന്ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സിതാപുരിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു.




