നോയിഡയിലെ സൂപ്പര്‍ടെക്ക് ഇരട്ടക്കെട്ടിടം നിലംപതിച്ചു

ദില്ലി: നോയിഡയിലെ സൂപ്പര്‍ടെക്ക് നാല്‍പത് നിലയുള്ള ഇരട്ടക്കെട്ടിടങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സ്‌ഫോടനം നടത്തി 9 സെക്കന്‍ഡുകൊണ്ടാണ് കെട്ടിടം നിലംപൊത്തിയത്. ഇന്ത്യയില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്. നോയിഡ – ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

സ്‌ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രദേശവാസികളോട് രാവിലെ തന്നെ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

കേരളത്തില്‍ മരടിലെ കെട്ടിടങ്ങള്‍ തകര്‍ത്ത കമ്പനികളാണ് ഇവിടെയും സ്‌ഫോടനം നടത്തിയത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ആംബുലന്‍സുകളും അഗ്‌നിശമനസേനയും ആശുപത്രികളില്‍ ജാഗ്രതയും പ്രഖ്യാപിച്ചാണ് സ്‌ഫോടനം നടത്തിയത്.

2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വര്‍ഷം നീണ്ട വാദ പ്രതിവാദം. ഒടുവില്‍ കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വച്ചു.

Share news
error: Content is protected !!
Scroll to Top