കേരളത്തിലെ 12 യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിശീലനത്തിന് വഴിതുറന്ന് സൂപ്പര്‍ ലീഗ് കേരള

കേരളത്തില്‍ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോള്‍ താരങ്ങള്‍ക്ക് മലേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കി സൂപ്പര്‍ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്റൂട്ട് തലത്തില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങള്‍ക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, എസ്.എല്‍.കെ ഡയറക്ടര്‍ ഫിറോസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് എന്നിവര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കുമെന്നും അവര്‍ അറിയിച്ചു.

സൂപ്പര്‍ ലീഗ് കേരളയും (എസ് എല്‍കെ) ആന്ദ്രേസ് ഇനിയേസ്റ്റ സ്‌കൗട്ടിംഗും ചേര്‍ന്നൊരുക്കിയ സംരംഭം, ഗ്രാമീണ നഗര പ്രദേശങ്ങളിലെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണല്‍ മികവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയല്‍ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയല്‍ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 12 ദിവസത്തെ തീവ്ര പരിശീലനം ലഭിക്കുക. ജൂണ്‍ 12 മുതല്‍ 24 വരെ നീളുന്ന ഈ പരിശീലനത്തില്‍ നൂതന കോച്ചിംഗ്, സൗഹൃദ മത്സരങ്ങള്‍, വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. യാത്രയും, താമസവും, പരിശീലനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും സൂപ്പര്‍ ലീഗ് കേരളയാണ് വഹിക്കുന്നത്.

‘തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളില്‍ പലരും ആദ്യമായിട്ടാണ് വിദേശത്ത് പരിശീലനം നേടാന്‍ പോകുന്നത്. അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരവസരം കൂടിയാണിത്. കേരളത്തിലെ മികച്ച താരങ്ങള്‍ ലോക താരങ്ങളുടെ നിരയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുകയറാന്‍ കഴിയുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ മാത്യു ജോസഫ് പറഞ്ഞു.

സ്പെയിനില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള അന്താരാഷ്ട്ര സ്‌കൗട്ടുകള്‍ പ്രാദേശിക കോച്ചിംഗ് ടീമുകളുമായി ചേര്‍ന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. അതില്‍ നിന്നാണ് നിലവിലെ മികച്ച 12 കളിക്കാരെ കണ്ടെത്തിയിട്ടുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top