
തൃശൂർ: സൂപ്പർ ലീഗ് കേരളയില്‍ സെമി ഫൈനൽ പ്രതീക്ഷ നിലനിര്‍ത്തി കണ്ണൂർ വാരിയേഴ്‌സ്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന പത്താം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയെ രണ്ടു ഗോളുകൾക്ക് കണ്ണൂർ തോല്‍പ്പിച്ചു. നിർണായക മത്സരത്തിലെ അസിയർ ഗോമസ്, എബിൻദാസ് എന്നിവരാണ് വലകുലുക്കിയത്.
നാൽപ്പത്തിരണ്ടാം മിനിറ്റിലാണ് കണ്ണൂർ സ്കോർ ചെയ്‌തത്. വലതുവിങിൽ നിന്ന് ഷിജിൻ നീട്ടിയ പാസ് സിനാൻ, അസിയർ ഗോമസിന് നൽകി. താരമത് ഗോളാക്കി മാറ്റി (1-0). ആദ്യപകുതി കണ്ണൂരിന്‍റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂർ ഇവാൻ മാർക്കോവിച്ച്, നവീൻ കൃഷ്ണ, ഫൈസൽ, ജിയാദ് എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. അൻപത്തിയഞ്ചാം മിനിറ്റിൽ കണ്ണൂരിന് വീണ്ടും അവസരം. ഷിജിന്‍റെ ഹെഡ്ഡർ ക്രോസ്സ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.
അസിയർ ഗോമസിനെ പിൻവലിച്ച കണ്ണൂർ ആസിഫിനെ കൊണ്ടുവന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ലൂയീസിന്റെ പാസിൽ എബിൻദാസ് കണ്ണൂരിനായി രണ്ടാം ഗോളും നേടി (2-0).
10 കളികളിൽ 13 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് സെമി ഫൈനൽ യോഗ്യതക്കായി ഇനി രണ്ട് സാധ്യതകളാണുള്ളത്. ഇന്ന് തിരുവനന്തപുരം കൊമ്പൻസ്, കാലിക്കറ്റ് എഫ്‌സിയോട് പരാജയപ്പെടുക. അല്ലെങ്കിൽ, നാളെ മലപ്പുറം, ഫോഴ്‌സ കൊച്ചിയോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യുക. ഈ രണ്ട് സാധ്യതകളിൽ ഒന്ന് സംഭവിച്ചാൽ മാത്രമേ കണ്ണൂരിന് അവസാന നാലിൽ ഇടം ലഭിക്കൂ.
സമനിലയെങ്കിലും നേടാനായാൽ കൊമ്പൻസ് സെമിയിൽ കയറുന്ന മൂന്നാമത്തെ ടീമാവും. കാലിക്കറ്റ് നേരത്തെ തന്നെ സെമിയിൽ ഇടമുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരത്തിന്‍റെ കിക്കോഫ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




