Section

malabari-logo-mobile

വേനല്‍ മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Summer rains may spread dengue fever; Pre-monsoon cleaning should be done properly: Minister Veena George

തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഇവയുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കൊതുകിന്റെ ഉറവിട നശീകരണത്തന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഡെങ്കിപ്പനിയെ പ്രതിരോധിക്കാനാകൂ. പൊതുജനങ്ങള്‍ക്കും ഡെങ്കിപ്പനി പടരാതിരിക്കാന്‍ പ്രധാന പങ്കുണ്ട്. വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. മാലിന്യം കുന്നുകൂടരുത്. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.

sameeksha-malabarinews

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ പ്രധാന സംരക്ഷണ മാര്‍ഗം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനാലകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുന്‍പ് വീട്ടിനുള്ളില്‍ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.

കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്‍ക്കൂരയിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക.

കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!