‘സുഹൈല്‍ 2’ 2016 അവസാനത്തില്‍ വിക്ഷേപിക്കും

ദോഹ: ഖത്തറിന്റെ വാര്‍ത്താവിനിമയത്തിനുള്ള രണ്ടാമത്തെ കൃത്രിമോപഗ്രഹം ‘സുഹൈല്‍ 2’ 2016 അവസാനത്തില്‍ വിക്ഷേപിക്കും. സ്വന്തമായി കൃത്രിമോപഗ്രഹമെന്ന ഖത്തറിന്റെ പ്രതീക്ഷകള്‍ സഫലമാക്കിക്കൊണ്ട് 2013 ആഗസ്തില്‍ വിജയകരമായി വിക്ഷേപിച്ച ‘സുഹൈല്‍ 1’ന്റെ കൂട്ടാളിയായാണ് സുഹൈല്‍ 2 ഭ്രമണപഥത്തിലേക്കെത്തുന്നത്. സുഹൈല്‍ 1 ഭൂസ്ഥിര ഭ്രമണപഥത്തില്‍ വിജയകരമായി എത്തിക്കുകയും വാണിജ്യാടിസ്ഥാനിത്തില്‍ ഉപഗ്രഹം പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിന് പിറകേ ഖത്തര്‍ സാറ്റലൈറ്റ് കമ്പനി (സുഹൈല്‍ സാറ്റ്) തങ്ങളുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹമായ സുഹൈല്‍ 2 വിക്ഷേപണം പ്രഖ്യാപിച്ചിരുന്നു.
സുഹൈല്‍ 2 ജാപ്പനീസ് കമ്പനിയായ മിത്‌സുബിഷി ഇലക്ട്രിക്ക് (മെല്‍കോ) ആണ് നിര്‍മിക്കുന്നത്. ആഗോള ടെണ്ടറിലൂടെയാണ് ഇതിനുള്ള കരാര്‍ മെല്‍കോയ്ക്ക് നല്‍കിയത്. കഴിഞ്ഞ ജൂലായ് 17ന് സുഹൈല്‍ 2ന്റെ രൂപകല്‍പ്പന ആരംഭിച്ചിട്ടുണ്ട്. 27 മാസം കൊണ്ട് ഉപഗ്രഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവും. കൂടാതെ ഖത്തറി എന്‍ജിനീയര്‍മാര്‍ക്ക് ഉപഗ്രഹ നിര്‍മാണത്തില്‍ പരിശീലനവും മില്‍കോ ലഭ്യമാക്കും. മില്‍കോയുടെ ഏറ്റവും പുതിയതും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായ ഡി എസ് 2000 ഇനത്തില്‍പെട്ട കൃത്രിമോപഗ്രഹമാണ് ഖത്തറി ആവശ്യങ്ങള്‍ക്കനുസരിച്ച മാറ്റങ്ങള്‍ കൂടി വരുത്തി സുഹൈല്‍ 2 ആയി മാറുന്നത്. സ്‌പേസ് സിസ്റ്റംസ്, ലോറല്‍ ആയിരുന്നു ആദ്യ ഉപഗ്രഹമായ സുഹൈല്‍ 1 നിര്‍മിച്ചത്.
ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച  സുഹൈല്‍ 2, സുഹൈല്‍ 1ന്റെ അടുത്ത് 26 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലെ ഭൂസ്ഥിര ഭ്രമണപഥത്തിലായിരിക്കും സ്ഥാപിക്കുന്നത്. മധ്യ പൗരസ്ത്യ ദേശങ്ങളിലും മധ്യേഷ്യയിലും ഉത്തര ആഫ്രിക്കയിലും  ഈ ഉപഗ്രഹത്തിന്റെ സിഗ്നലുകള്‍ വ്യക്തമായി ലഭിക്കും. പുതിയ ഉപഗ്രഹം ടെലിവിഷന്‍ സംപ്രേഷണത്തിനായി ഏറ്റവും അനുയോജ്യമായ ഈ സ്ഥാനത്ത് കൂടുതല്‍ കെ യു ബാന്റ് ട്രാന്‍സ്‌പോണ്ടറുകള്‍ ലഭ്യമാക്കും. കൂടാതെ കെ എ ബാന്റ് ട്രാന്‍സ്‌പോണ്ടറുകളും ഈ ഉപഗ്രഹത്തിലുണ്ടാവും. ഈ ഉപഗ്രഹത്തില്‍ ടെലിവിഷന്‍ സംപ്രേഷണത്തിനുള്ള 170 ട്രാന്‍സ്‌പോണ്ടറുകളാണുള്ളത്. ഇതില്‍ 130 എണ്ണം എസ് ഡി  ടെലിവിഷന്‍ സംപ്രേഷണത്തിനും 30 എണ്ണം ഉയര്‍ന്ന ഗുണനിലവാരമുള്ള ഹൈ ഡെഫിഷ്യന്‍സി (എച്ച് ഡി) ടെലിവിഷന്‍ സംപ്രേഷണത്തിനും ഉള്ളതാണ്. ഈ ഉപഗ്രഹം പ്രവര്‍ത്തനം ആരംഭിക്കുന്നതാടെ രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം തടസ്സം കൂടാതെ ലഭ്യമാക്കാന്‍ കഴിയും.
വാര്‍ത്താ വിനിമയത്തിനും ത്രിമാന ടെലിവിഷന്‍ സംപ്രേഷണത്തിനും റേഡിയോ പ്രക്ഷേപണത്തിനും ഈ ഉപഗ്രഹത്തില്‍ ട്രാന്‍സ്‌പോണ്ടറുകളുണ്ട്. ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിന്ന് സുരക്ഷിതമായിരിക്കും സുഹൈല്‍ 1. ഉപഗ്രഹത്തെ ഹാക്കു ചെയ്യാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ ഒരു മിനുട്ടിനകം തന്നെ അക്കാര്യം സെന്‍ട്രല്‍ കണ്‍ട്രോള്‍ സ്റ്റേഷനില്‍ അറിയാനും അത് തടയാനുമുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്.
ഇതുകൂടാതെ ഖത്തര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റി (അംസാറ്റ്)ക്കും പ്രയോജനപ്പെടും. ഈ ഉപഗ്രഹത്തിലൂടെ സൊസൈറ്റി അംഗങ്ങള്‍ക്ക് ഇന്ത്യയേയും ബ്രസീലിനേയും ബന്ധിപ്പിക്കുന്ന ഒര്‍ബിറ്റല്‍ റേഡിയോ ചാനലുമായി ഒരേ സമയം ബന്ധപ്പെടാന്‍ കഴിയും. കൂടാതെ അംഗങ്ങള്‍ക്ക് അവരുടെ സ്വന്തം ഡിജിറ്റല്‍ വീഡിയോ അയക്കാനും ഈ ഉപഗ്രഹത്തില്‍ സംവിധാനമുണ്ടാവും.

Related Articles