HIGHLIGHTS : അങ്ങിനെ കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒരു ഒറ്റമൂലി. സമ്പൂര്‍ണ്ണ മദ്യനിരോധനം.
അങ്ങിനെ കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒരു ഒറ്റമൂലി. സമ്പൂര്‍ണ്ണ മദ്യനിരോധനം. അതെ, ഇനി മുതല്‍ പീഡനങ്ങളോ, കൊലയോ, പിടിച്ചുപറിയോ ഇല്ലാത്ത സമത്വ സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാടായി മാറും നമ്മുടെ കൊച്ചു കേരളം. എന്തേ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ആവോ? എല്ലാത്തിനും അതിന്റേതായ സമയമുണ്ടാവും. അങ്ങനെ സമാധാനിക്കാം.
മദ്യം ഒരു സാമഹ്യ വിപത്തു തന്നെയാണ്. അഴിമതി, വര്‍ഗ്ഗീയത, ഉദേ്യാഗസ്ഥ കൊടുകാര്യസ്ഥത എന്നിവ പോലെ നാടിന്റെ വളര്‍ച്ചയെ ബാധിക്കുന്ന ഒരു വിപത്ത്. പക്ഷേ മറ്റുള്ളതിനെ അപേക്ഷിച്ച് തുലോം വീര്യം കുറവാണ് മദ്യത്തിന്. കാണേണ്ടതു പോലെ കണ്ടാല്‍ ബിന്‍ലാദനു വരെ ഇവിടെ പാസ്‌പോര്‍ട്ട് കിട്ടുന്ന നാട്ടില്‍ സെക്രട്ടറിയറ്റ് വരെ കോര്‍പ്പറേറ്റുകള്‍ക്ക് പാട്ടത്തിന് കൊടുത്താല്‍ അത്ഭുതപ്പെടേണ്ട, ആവശ്യമില്ലാത്ത നാട്ടില്‍ ഭരിക്കുന്നവര്‍ ജനങ്ങളുടെ പ്രതിനിധി എന്നതില്‍ നിന്നും മാറി അവനവന്റെ സമുദായത്തിന്റേയും, ജാതിയുടെയും പ്രതിനിധിയാണെന്ന രൂപത്തിലേക്ക് പച്ചക്കു വര്‍ഗീയത വിളമ്പുന്ന നാട്ടില്‍ കള്ളുകുടിയെ മാത്രം ടാര്‍ജറ്റു ചെയ്യുന്നത് ചാഞ്ഞുകിടക്കുന്ന മരത്തിലേക്ക് ഓടികയറാന്‍ എളുപ്പമാണ് എന്നുള്ള പഴയ സിദ്ധാന്തം തന്നെയാണ് കാരണം. പിണറായി വിജയനും കോടിയേരിയും വരെ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സംസാരിക്കുകയും ഇതൊരു രാഷ്ട്രീയതട്ടിപ്പാണെന്ന പ്രതിപക്ഷനേതാവിന്റെ വാദം ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്നത് മലയാളി ഇന്നെത്തി നില്‍ക്കുന്ന കപട സദാചാര ബോധത്തിന്റെ ഏറ്റവും പേടിപ്പെടുത്തുന്ന ഉദാഹരണമാണ്.

1930 കളില്‍ അമേരിക്കയില്‍ മദ്യനിരോധനം നടപ്പിലാക്കിയ ശേഷം വളര്‍ന്നു വന്ന സമാന്തര മാഫിയകളെയും ഇന്ത്യയില്‍ തന്നെ മദ്യം നിയമം മൂലം നിരോധിച്ച മിസോറാം, മണിപ്പൂര്‍,ഗുജറാത്ത് എന്നിവിടങ്ങളില്‍ പെട്ടി കടകളില്‍ പോലും ആവശ്യക്കാരനു വേണ്ട ലഹരി കിട്ടുമെന്നുള്ളതും മൂന്നു പ്രാവശ്യം മദ്യനിരോധനം ഏര്‍പ്പെടുത്തി, അതെല്ലാം പരാജയപ്പെടുകയും ഇന്ന് ആളോഹരി കുടിയുടെ കണക്കെടുത്ത ഒന്നാം സ്ഥാനത്ത് നിറക്കുകയും ചെയ്യുന്ന ആന്ധ്രപ്രദേശിന്റെ ചരിത്രവും സുധീരാധി ചാണ്ടിമാര്‍ കാണാത്തതെന്തേ?
ഉമ്മന്‍ചാണ്ടിയുടെ പേര് തുഗ്ലക്കിന്റെ പേരിനോട് ചേര്‍ത്ത് വായിക്കേണ്ട ഗതികേട് ഭാവിയിലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ.