തേഞ്ഞിപ്പലം:ബാല്യകാലത്ത് ശാരീരിക-മാനസിക പീഡനങ്ങള്‍ക്കു സ്ഥിരമായി വിധേയരാകുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമകാരികളും സാമൂഹ്യവിരുദ്ധരുമാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്രപഠനവകുപ്പിലെ ബയോകെമിസ്ട്രി ആന്‍ഡ് ടോക്‌സിക്കോളജി ലാബിലെ മുന്‍ഗവേഷകനും നിലവില്‍ കേരള പോലീസ് അക്കാദമിയിലെ ഫോറന്‍സിക് സയന്‍സ് അസി. പ്രൊഫസറുമായ ഡോ. എം.എസ്. ശിവപ്രസാദ്, ഗൈഡും കാലിക്കറ്റിലെ ജന്തുശാസ്ത്രവിഭാഗം അസോ. പ്രൊഫസറുമായ ഡോ. വൈ. ഷിബു വര്‍ദ്ധനന്‍, കേരള പോലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ്. കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ട്രോമയില്‍ (സ്പ്രിന്‍ജര്‍-നാച്ചര്‍ പബ്‌ളിക്കേഷന്‍) ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ ഗുണ്ടാ ആക്റ്റ് പ്രകാരം ഒന്നില്‍കൂടുതല്‍ തവണ കരുതല്‍ തടവില്‍ വെയ്ക്കുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്ത അക്രമകാരികളായ സ്ഥിരം കുറ്റവാളികളില്‍ നടത്തിയ പഠനത്തിലാണ് അതിരൂക്ഷമായ ബാല്യകാല ദുരനുഭവങ്ങള്‍ ഇവര്‍ നേരിട്ടതായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച ബാല്യകാല പ്രതികൂല അനുഭവങ്ങള്‍ ശേഖരിയ്ക്കാനുള്ള ചോദ്യാവലി ഉപയോഗിച്ച് 2013-18 കാലഘട്ടത്തില്‍ 35 തീവ്ര അക്രമികളില്‍ നിന്നും വിവരശേഖരണം നടത്തി. ഇവ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത വ്യക്തികളുടെ ജീവിതപശ്ചാത്തലവുമായി താരതമ്യം ചെയ്തായിരുന്നു പഠനം.
വീട്ടുകാരില്‍ നിന്നോ അല്ലെങ്കില്‍ അടുത്തബന്ധുക്കളില്‍ നിന്നോ ഏല്‍ക്കുന്ന ശാരീരിക ഉപദ്രവങ്ങള്‍, മാനസികപീഡനങ്ങള്‍, കുടുംബകലഹങ്ങള്‍, ലഹരിക്ക് അടിമയായതോ ജയില്‍ശിക്ഷ അനുഭവിച്ചതോ ആയ കുടുംബാംഗങ്ങളുടെ സാന്നിധ്യം, മാനസിക വെല്ലുവിളി നേരിടുന്ന കുടുംബാംഗങ്ങള്‍, പരസ്പരം അകന്നുകഴിയുന്ന മാതാപിതാക്കള്‍ എന്നിവ അക്രമസ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നതായി പഠനത്തില്‍ കാണപ്പെട്ടു. കൂടാതെ വീട്ടില്‍ നിന്നുള്ള നിരന്തര അവഗണനയും സമപ്രായക്കാര്‍ക്കിടയില്‍ നിന്നുള്ള സ്ഥിരം പരിഹാസങ്ങളും ദേഹോപദ്രവവും അതിതീവ്ര അക്രമസ്വഭാവത്തിലേക്ക് എത്തിക്കുന്നു. ബാല്യകാല ദുരനുഭവങ്ങളുടെ തോതനുസരിച്ച് ഇവരില്‍ മദ്യപാനവും ലഹരി ഉപയോഗവും കൂടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ സ്ഥിരം കുറ്റവാളികള്‍ക്കിടയില്‍ ഇത്തരത്തില്‍ ഒരു പഠനം ആദ്യമാണ്. കേരളത്തില്‍ തീവ്രസ്വഭാവമുള്ള അക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രസ്തുത പഠനം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു.




