ദില്ലി : വിദ്യഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ നിയമത്തിലെ 25 ശതമാനം സംവരണം ഇവര്‍ക്ക് ബാധകമല്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
വിദ്യഭ്യാസ അവകാശ നിയമം ഭരണഘടനാപരമാണെന്നും ഏത് ഭാഷയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും കോടതി പറഞ്ഞു. ഭാഷ എന്നത് കുട്ടികളുടെ മൗലിക അവകാശമാണെന്നും മാതൃഭാഷ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഈ നിയമം സര്‍ക്കാര്‍ എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ, ജസ്റ്റീസുമാരായ എകെ പട്‌നായക്, എസ്‌ജെ ഉപോപാദ്ധ്യായ, ദീപക് മിശ്ര , ഇബ്രാഹീം ഖലീഫുള്ള എന്നിവരടങ്ങിയ ഭരണഘടന ബഞ്ചാണ് ഈ വിധി പുറപ്പെടുവിപ്പിച്ചത്.
ഭരണഘടന 21 എ പ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യവും, നിര്‍ബന്ധിതവുമായ വിദ്യഭ്യാസവും ഉറപ്പാക്കുന്നുണ്ട്. 2002 ലെ ആ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 2009 ല്‍ പാര്‍ലമെന്റ് വിദ്യഭ്യാസ അവകാശ നിയമം പാസാക്കിയത്.
വിദ്യഭ്യാസ അവകാശ നിയമത്തിലൂടെ സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു എന്നും സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിക്കുന്നു എന്നും ആരോപിച്ചാണ് ചില ന്യൂനപക്ഷ മനോജുമെന്റുകളും, സ്വകാര്യ അണ്‍എയ്ഡഡ് മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ചത്.
വിധിയെ കുറിച്ച് സമിശ്ര പ്രതികരണമാണ് വിദ്യഭ്യാസ മേഖലയില്‍നിന്നുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ മാനേജ്‌മെന്റുകള്‍ വിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും വിധി വിദ്യഭ്യാസ കച്ചവടത്തിന് ഇടയാക്കുമെന്നും എസ്എഫ്‌ഐ പ്രസ്താവിച്ചു. വിധിയെ മറികടക്കാന്‍ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. വിധി സ്വാഗതം ചെയ്യുന്നതായി എംഇഎസ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വിദ്യഭ്യാസ അവകാശത്തെ സംരക്ഷിക്കുന്നതാണ് വിധിയെന്ന് സിറോ മലബാറിക് സഭ അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തില്‍ സന്യൂനപക്ഷം ഭൂരിപക്ഷമാണെന്നും കൂടുതല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ന്യൂനപക്ഷമാണെന്നും ഈ വിധി പിന്നോക്ക ജനവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് തിരിച്ചടിയാകുമെന്നും ഡോ.ഫസല്‍ഗഫൂര്‍ അഭിപ്രായപ്പെട്ടു.




