HIGHLIGHTS : ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളാക്കുറിശ്ശിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി യുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു...

ഭാവിയില്‍ വിദ്യാലയ ക്യാമ്പസുകളില്‍ ആത്മഹത്യ നടന്നാല്‍ സിബിസിഐഡി നേരിട്ട് കേസന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കള്ളക്കുറിശ്ശിയില്‍ നടന്നത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു.
അതേസമയം, കള്ളാക്കുറിച്ചിയിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 328 ആയി. സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരേയും അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. കള്ളാക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരമാണ് അക്രമാസക്തമായത്. പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകള്‍ അക്രമികള്‍ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കി. സ്‌കൂള്‍ കെട്ടിടം തകര്‍ത്തു. പാഠപുസ്തകങ്ങളും സ്‌കൂള്‍ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങള്‍ ചിലര്‍ കൊള്ളയടിച്ചു. സംഘര്‍ഷത്തില്‍ നിരവധി സമരക്കാര്‍ക്കും ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതിലേറെ പൊലീസുകാര്‍ക്കും പരിക്കേറ്റു. സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പൊലീസെത്തിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്.
1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിസിഐഡിക്ക് കൈമാറി.