ഒഴിവ് ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണം

HIGHLIGHTS : Students should be allowed concessions even on holidays

cite

മലപ്പുറം: അവധിക്കാലത്തും ഒഴിവ് ദിവസങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ബസ് യാത്രയ്ക്ക് നിര്‍ബന്ധമായും കണ്‍സഷന്‍ അനുവദിക്കണമെന്ന് ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് നിര്‍ദേശിച്ചു. കണ്ടക്ടര്‍ ആവശ്യപ്പെട്ടാല്‍ കണ്‍സഷന്‍ കാര്‍ഡും ഐഡി കാര്‍ഡും കാണിക്കാന്‍ വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ
യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വിദ്യാര്‍ഥികള്‍ക്ക് ബസ്സുകളില്‍ കണ്‍സഷന്‍ അനുവദിക്കുന്നത്. 27 വയസ്സിന് താഴെ പ്രായമുള്ള റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇതിന് അര്‍ഹതയുള്ളത്. കണ്‍സഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്ര പത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. വിദ്യാര്‍ഥികളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് യോഗത്തില്‍ നിര്‍ദേശം നല്‍കി. ബസ് പുറപ്പെടുന്നതുവരെ കുട്ടികളെ ബസ്സിനടുത്ത് വെയിലത്തും മഴയത്തും നിര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും.

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പാസ് നല്‍കുന്നതിന് നടപടി വേണമെന്നും വിദ്യാര്‍ഥികളും ബസ് ഉടമകളും പങ്കെടുത്ത യോഗത്തില്‍ ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ സ്റ്റോപ്പുകളിലെ തിരക്ക് കുറയ്ക്കാന്‍ 10 മിനിറ്റിന്റെ ഇടവേളകളില്‍ വിവിധ ക്ലാസുകള്‍ വിടുന്ന കാര്യം പരിഗണിക്കാമെന്ന്് കളക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പിടിഎ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാം. പൊലീസ്, മോട്ടോര്‍വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ബസ് ഉടമകളുടെ സംഘടനാപ്രതിനിധികളും വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!