Section

malabari-logo-mobile

വിദ്യാര്‍ത്ഥിനികള്‍ക്കു അവസരം നല്‍കിയാല്‍ അവര്‍ ലോകം കീഴടക്കും – മന്ത്രി കെ.ടി.ജലീല്‍

HIGHLIGHTS : നിലമ്പൂര്‍:വിദ്യാര്‍ത്ഥിനികള്‍ക്കു അവരുടെ കഴിവ് അനുസരിച്ച് പറക്കാന്‍ അവസരം നല്‍കിയാല്‍ ലോകം കീഴടക്കി രക്ഷിതാക്കളുടെ കൈക്കുമ്പിളില്‍ എത്തിക്കുമെന്നു...

നിലമ്പൂര്‍:വിദ്യാര്‍ത്ഥിനികള്‍ക്കു അവരുടെ കഴിവ് അനുസരിച്ച് പറക്കാന്‍ അവസരം നല്‍കിയാല്‍ ലോകം കീഴടക്കി രക്ഷിതാക്കളുടെ കൈക്കുമ്പിളില്‍ എത്തിക്കുമെന്നു ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍.  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍തഥികള്‍ക്കുള്ള ദ്വിദിന കരിയര്‍, വ്യക്തിത്വ വികസന സഹവാസ ക്യാമ്പ് പാസ്‌വേഡിന്റെ സംസ്ഥാന തല ഉദ്ഘാടനം നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പംഗങ്ങളോട് ഏറെ നേരം സംവദിച്ച മന്ത്രി ചോദ്യവും വിശകലനവും പ്രചോദനവുമായി കുട്ടികള്‍ക്കൊപ്പം കൂടി. മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മികച്ച മറുപടി നല്‍കിയ വിദ്യാര്‍ത്ഥിനികളായ ലെന, ഹരിത, ജിജിന്‍ എന്നിവര്‍ക്കു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പി.വി. അബ്ദുല്‍ വഹാബ് എം.പി 5000 രൂപ വീതം ഉപഹാരം പ്രഖ്യാപിച്ചു. വേദിയില്‍ വെച്ചു മന്ത്രി തുക വിദ്യാര്‍ത്ഥികള്‍ക്കു കൈമാറി.  മൂന്നു വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠന ചെലവുകള്‍ മുഴുവന്‍ പീവീസ് ഗ്രൂപ്പ് ഏറ്റെടുക്കുമെന്നു പി.വി. അബ്ദുല്‍ വഹാബ് എം.പി പ്രഖ്യാപിച്ചു.
പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീജ ചന്ദ്രന്‍,   മുംതാസ് ബാബു, കൗണ്‍സിലര്‍ എന്‍.വേലുക്കുട്ടി, ഗവ. മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിത എബ്രഹാം, ഹെഡ്മാസ്റ്റര്‍ പ്രസാദ്, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റുഖിയ, പി.ടി.എ പ്രസിഡന്റ് മുജീബ് കെ.വി, എസ്.എം.സി ചെയര്‍മാന്‍ യൂസഫ് കാളിമഠത്തില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.എ.ബി. മൊയ്തീന്‍കുട്ടി സ്വാഗതവും സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പി. റജീന നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികളാണു പങ്കെടുക്കുന്നത്. മോട്ടിവേഷന്‍, ഗോള്‍സെറ്റിംഗ്, ലീഡര്‍ഷിപ്പ്, ടൈം മാനേജ്‌മെന്റ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, കലാപരിപാടികള്‍ തുടങ്ങി വിവിധ സെഷനുകളിലായി നടക്കുന്ന ക്യാമ്പ് ഇന്ന് വൈകീട്ട് അഞ്ചിന് സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!