Section

malabari-logo-mobile

മനുഷ്യക്കടത്ത് തടയുന്നതിന് കർശനമായ നിരീക്ഷണ സംവിധാനം:  മുഖ്യമന്ത്രി

HIGHLIGHTS : Strict monitoring system to prevent human trafficking:  Chief Minister

മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസർക്കാരുമായി സഹകരിച്ച് കർശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡൽ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെൽ പ്രവർത്തിച്ചു വരുന്നു. നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ എല്ലാ പോലീസ് ജില്ലകളിലും ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

തീരദേശം, വിമാനത്താവളങ്ങൾ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങൾക്കനുസൃതമായി സത്വരനടപടികൾ സ്വീകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ തടയുന്നതിന് പോലീസിന്റെ സൈബർ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു.

വിദേശത്ത് വീട്ടുജോലിക്കായി പോകുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് നിലവിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല. എന്നാൽ ഈ യോഗ്യത ഇല്ലാത്തവർക്ക് ഗാർഹിക തൊഴിൽ ചെയ്യുന്നതിന് ക്ലിയറൻസ് ആവശ്യമാണ്. ഇവരെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് കൊണ്ടുപോകുകയും അവിടെനിന്നും മറ്റു രാജ്യങ്ങളിൽ എത്തിക്കുന്നതുമാണ് അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളുടെ രീതി. അതിനാൽ സ്പോൺസറെകുറിച്ചും മറ്റുമുള്ള വിവരങ്ങൾ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. എല്ലാത്തരം വിദേശ റിക്രൂട്ട്മെന്റുകളും ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലേക്ക് മാറ്റുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മാത്രമേ ഇത്തരം ചൂഷണങ്ങൾ ഫലപ്രദമായി തടയാൻ കഴിയുകയുള്ളൂ. വിദേശത്തുള്ളവരുടെ വിവരശേഖരണത്തിനും ഈ സംവിധാനം സഹായകരമാകും.

വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യൻ എംബസി, പ്രവാസി സംഘടനകൾ എന്നിവരുടെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് നോർക്ക വകുപ്പ് സത്വര നടപടികൾ സ്വീകരിക്കുന്നുണ്ട്.

നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികൾ നോർക്ക വകുപ്പ് സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത്തരം പരാതികളിൽ കർശന നടപടി സ്വീകരിക്കുന്നതിനായി  ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന ദൗത്യം ആരംഭിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!