HIGHLIGHTS : Strict action against those who perform Hajj without permission

ഹജ്ജിനായുള്ള വിസ കൈവശമുള്ളവര്‍ക്കും അല്ലെങ്കില്‍ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന ഹജ്ജിനായി അനുമതിപത്രമുള്ളവര്‍ക്കും മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനാകൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രത്യേക പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്.
ഈ വര്‍ഷം ഹജജ് നിര്‍വഹിക്കുന്നതിന്, പൗരന്മാരും പ്രവാസികളും കോവിഡ് -19 വാക്‌സിന്‍ മൂന്ന് ഡോസുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിദേശത്തും സ്വദേശത്തുമുള്ള ഒരു ദശലക്ഷം തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജജ് നിര്‍വഹിക്കാന്‍ അധികാരമുള്ളത്. സൗദിക്കകത്തുനിന്നും ഹജജ് നിര്‍വ്വഹിക്കുവാനുള്ള അപേക്ഷക്കുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയിക്കും.