പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുക സര്‍ക്കാര്‍ നയം; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്:പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ നയമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പൊതു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല കൂടിയാലോചനായോഗം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

വരുന്ന 25 വര്‍ഷത്തില്‍ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തില്‍ വലിയ മാറ്റം കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയാണെന്നും വികസന പ്രവര്‍ത്തനങ്ങളുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പതിമൂന്നാം പദ്ധതിയുടെ അവസാനകാലത്ത് ആരംഭിച്ച കേരള ചിക്കന്‍ പദ്ധതി ഇപ്പോള്‍ രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 900- ല്‍ അധികം വനിതകള്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വൃക്ക രോഗികളുടെ ക്ഷേമത്തിനായി ആരംഭിച്ച സ്‌നേഹ സ്പര്‍ശം പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കിക്കൊണ്ട് വളരെ മാതൃകാപരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ജില്ലയിലെ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും സംയോജിപ്പിച്ചുകൊണ്ട് നിരവധി കായിക പദ്ധതികള്‍ ആരംഭിച്ചതിലൂടെ ലഹരിയുടെ പിടിയില്‍ നിന്നും ഒരു പരിധി വരെ യുവജനങ്ങളെ അകറ്റിനിര്‍ത്തുവാനായി സാധിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ഊര്‍ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ലൈഫ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന അതിദരിദ്രര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ രണ്ടാഘട്ടം ഉദ്ഘടനവും മന്ത്രി നിര്‍വഹിച്ചു. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് സ്ഥലം വിട്ടു നല്‍കിയ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജയരാജന്‍ മാസ്റ്റര്‍, കെ ടി ഭവാനി എന്നിവരെ മന്ത്രി ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ഷീജ ശശി അധ്യക്ഷത വഹിച്ചു.

ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി 2023-24 സാമ്പത്തിക വര്‍ഷം വരെ ജില്ലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്കുള്ള ജില്ലാതല അവാര്‍ഡില്‍ ഒന്നാം സ്ഥാനത്തിന് ഒളവണ്ണ ഗ്രാമപഞ്ചായത്തും, രണ്ടാം സ്ഥാനത്തിന് ചേമഞ്ചേരി ഗ്രാമപഞ്ചായത്തും അര്‍ഹരായി. നഗരസഭാ വിഭാഗത്തില്‍ വടകര നഗരസഭ ഒന്നാസ്ഥാനവും കൊയിലാണ്ടി നഗരസഭ രണ്ടാ സ്ഥാനവും നേടി. ചര്‍ച്ച, പൊതു നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കല്‍ എന്നിവയുടെ ഭാഗമായി 25 വകുപ്പുകള്‍ വിഷയാവതരണം നടത്തി ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ എം എല്‍ എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി അലക്‌സ്, ഡി പി സി സര്‍ക്കാര്‍ നോമിനി എം സുധാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എലിയാമ്മ നൈനാന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍പി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, വിവിധ വകുപ്പ് മേധാവിമാര്‍, ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top