കുറ്റിപ്പുറം: ഓടുന്ന ട്രെയിനിന് നേരെ അജ്ഞാതന്റെ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍(43)ക്കാണ് പരിക്കേറ്റത്. ഇഷ്ടികയാണ് ട്രെയിനിനുനേരെ എറിഞ്ഞത്. ഇയാളുടെ വയറിലാണ് ഇഷ്ടിക കൊണ്ടത്. പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10 ഓടെയാണ് സംഭവം നടന്നത്. കാസര്‍കോട്ടേക്ക് പോകാനായി കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍നിന്ന് എഗ്മോര്‍-മംഗളൂരു തീവണ്ടിയില്‍ കയറിയതായിരുന്നു ഷറഫുദ്ദീന്‍.
എസ് ഒന്‍പത് കോച്ചിന്റെ വലതുവശത്തെ ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീന്‍ ഇരുന്നിരുന്നത്. സംഭവം നടന്ന ഉടനെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലും ആര്‍പിഎഫിലും വിളിച്ച് പരാതിപ്പെട്ടു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.




