Section

malabari-logo-mobile

മോഷ്ടിക്കപ്പെട്ട മാരുതി എര്‍ട്ടിഗ കാര്‍: ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

HIGHLIGHTS : Stolen Maruti Ertiga car: District Consumer Commission adjudicates insurance amount and compensation

മലപ്പുറം മുണ്ടുപറമ്പ്-കാവുങ്ങല്‍ ബൈപാസ് റോഡില്‍ നിര്‍ത്തിയിട്ട മാരുതി എര്‍ട്ടിഗ കാര്‍ മോഷണം പോയ സംഭവത്തില്‍ ഇന്‍ഷുറന്‍സ് തുകയായ 4,36,109 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. വാഹന ഉടമ മുണ്ടു പറമ്പ് സ്വദേശിനി നല്‍കിയ പരാതിയിലാണ് വിധി. 2016 ഡിസംബര്‍ 15ന് ഉച്ചയ്ക്ക് പരാതിക്കാരിയുടെ മകന്‍ മുണ്ടുപറമ്പില്‍ റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷം കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചു വന്നപ്പോഴേക്കും വാഹനം കാണാതായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിച്ചു കണ്ടെത്താനായില്ല.

ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും അനുവദിച്ചില്ല. വാഹനം മോഷ്ടിക്കപ്പെടുന്ന സമയത്ത് വാഹനത്തിന് ചാവി വെക്കാന്‍ ഇടയായി എന്നും വാഹനം സൂക്ഷിക്കുന്നതില്‍ ഉടമസ്ഥന്‍ ജാഗ്രത കാണിച്ചില്ലെന്നും പറഞ്ഞാണ് ഇന്‍ഷുറന്‍സ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. വാഹനം നിര്‍ത്തിയിട്ടപ്പോള്‍ ചാവി അതിനകത്തുതന്നെ വെച്ചത് പോളിസി ഉടമയുടെ ഭാഗത്തു നിന്നുമുള്ള വീഴ്ചയായി കാണാനാവില്ലെന്നും ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ വിധിച്ചു.

sameeksha-malabarinews

ഇന്‍ഷുറന്‍സ് തുകയായ 4,36,109 രൂപ പരാതി നല്‍കിയ തീയതി മുതല്‍ ഒന്‍പത് ശതമാനം പലിശയോടെ നല്‍കുന്നതിനാണ് ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കൂടാതെ 50,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായിട്ടും നല്‍കണം. ഒരു മാസത്തിനകം വിധി നടപ്പിലാക്കാതിരുന്നാല്‍ പരാതി തീയതി മുതല്‍ വിധി നടപ്പിലാക്കുന്നത് വരെ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!